
തിരുവനന്തപുരം/കണ്ണൂര്‍: പിണറായി സര്‍ക്കാര്‍ അധികാരമേറിയശേഷം ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് യഥേഷ്ടം പരോള്‍. സി.പി.എം. പാനൂര്‍ ഏരിയാ കമ്മിറ്റി അംഗംകൂടിയായ പ്രതി പി.കെ. കുഞ്ഞനന്തന് 257 ദിവസത്തെ പരോളാണ് അനുവദിച്ചത്. നിയമസഭയില്‍ ഐ.സി. ബാലകൃഷ്ണന്റെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുഞ്ഞനന്തനു 135 ദിവസം സാധാരണ പരോളും 122 ദിവസം അടിയന്തര പരോളുമാണ് അനുവദിച്ചത്.
നിലവില്‍ ഇയാള്‍ ''ചികിത്സാര്‍ത്ഥം'' പരോളിലാണ്. പരോളിന്റെ കാര്യത്തില്‍ രണ്ടാംസ്ഥാനം കെ.സി. രാമചന്ദ്രനാണ്- 205 ദിവസം. (185 ദിവസം സാധാരണ പരോള്‍, 20 ദിവസം അടിയന്തര പരോള്‍. ആറാംപ്രതി അണ്ണന് സിജിത്തിനാണ് ഏറ്റവും കൂടുതല്‍ അടിയന്തര പരോള്‍ ലഭിച്ചത്- 135 ദിവസം (ആകെ 186). ഒന്നാംപ്രതി കൊടി സുനിയെന്ന സുനില്‍കുമാറിന് 60 ദിവസം പരോള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. മറ്റു പ്രതികള്‍ക്കു ലഭിച്ച പരോള്‍: അനൂപ്- 120 ദിവസം, ഷിനോജ്-105, മുഹമ്മദ് ഷാഫി-135, കിര്‍മാണി മനോജ്-120, റഫീക്ക്-125, ടി.കെ. രജീഷ്-90, സി. മനോജ്-117. കൊടി സുനിക്കും ഷിനോജിനും രജീഷിനും അടിയന്തര പരോള്‍ നല്‍കിയിട്ടില്ല. പോലീസ് റിപ്പോര്‍ട്ട് അനുകൂലമാകാത്തതിനാലാണിത്.
കഴിഞ്ഞ ജൂണിലെ നിയമസഭാ സമ്മേളനത്തില്‍ ഉന്നയിച്ച ചോദ്യത്തിനാണു മുഖ്യമന്ത്രി ഇന്നലെ മറുപടി നല്‍കിയത്. ടി.പി. വധക്കേസ് പ്രതികള്‍ക്കു പിണറായി സര്‍ക്കാര്‍ െകെയയച്ച് പരോള്‍ നല്‍കിയതിന്റെ തെളിവുകള്‍ മുമ്പും പുറത്തുവന്നിരുന്നു. ഇതേച്ചൊല്ലി വിവാദങ്ങളുയര്‍ന്നിട്ടും സര്‍ക്കാര്‍ മുഖവിലയ്ക്കെടുത്തില്ലെന്നു മുഖ്യമന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നു. കുഞ്ഞനന്തനു ശിക്ഷായിളവ് നല്കി ജയില്‍ മോചിതനാക്കാന്‍ നടത്തിയ ശ്രമം പാളിയതിനേത്തുടര്ന്നാണ് യഥേഷ്ടം പരോള്‍ തുടരുന്നത്.
പരോളില്‍ കഴിയുമ്പോഴും ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ട്, ജയിലിലെ തടവുകാരുടെ കാര്യങ്ങളില്‍ കുഞ്ഞനന്തന് ഇടപെടുന്നുണ്ട്. കണ്ണൂര്‍ ജയിലിലെ തടവുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇയാള്‍ ''അനന്തേട്ട''നാണ്. പരോളിന്റെ കാര്യത്തില്‍ പിന്നിലാണെങ്കിലും മൊെബെല്‍ ഫോണിലൂടെ നിര്‍ദേശം നല്കി ക്വട്ടേഷനുകള്‍ നടപ്പാക്കാനുള്ള സ്വാതന്ത്ര്യംവരെ കൊടി സുനിക്കു ജയിലില്‍ ലഭിച്ചിരുന്നു. 10 ദിവസത്തേക്കു പുറത്തിറങ്ങിയ പ്രതികള്‍ക്കു പലപ്പോഴും പരോള്‍ നീട്ടിനല്കുയായിരുന്നു. ജയില്‍ വകുപ്പില്‍ അടുത്തിടെ ഡി.ജി.പി. ഋഷിരാജ് സിങ് ശുദ്ധീകരണത്തിനു തുടക്കമിട്ടെങ്കിലും ജയില്‍ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നതില്‍ മാത്രം ഒതുങ്ങി.






