
വാഷിംഗ്ടണ്‍: ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദിഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്താന്‍ ശ്രമിച്ചെന്നും എന്നാല്‍ അത് പരാജയപ്പെട്ടെന്നും അമേരിക്ക. ഐഎസിന്റെ ദക്ഷിണേഷ്യന്‍ മേഖലയിലെ ഖൊറാസന്‍ ഗ്രൂപ്പാണ് ആക്രമണത്തിന് പദ്ധതിയിട്ടത്. ദക്ഷിണേഷ്യയില്‍ ഐഎസ് മാതൃക സ്വീകരിച്ച് 4000 ഭീകരര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അഫ്ഗാന് പുറത്ത് നിരവധി ആക്രമണങ്ങള്‍ക്ക് അവര്‍ ശ്രമം നടത്തിയിട്ടുണ്ടെന്നും റുസൈല്‍ ട്രാവേഴ്സ് പറഞ്ഞു.
ആഗോളമായി ഐഎസിന്റെ 20 ലധികം ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ ചിലത് ഡ്രോണുകള്‍ പോലെയുള്ള സാങ്കേതികതകള്‍ ഓപ്പറേഷനായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഐഎസിന്റെ എല്ലാത്തരം ശാഖകളേയും അമേരിക്ക ഭീഷണിയോടെയാണ് കാണുന്നത്. ഐഎസ്ഐഎസ് അഫ്ഗാനിലെ അമേരിക്കന്‍ സേനയ്ക്ക് നേരെ മാത്രമല്ല അമേരിക്കന്‍ മണ്ണിലും അക്രമം വിതയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതി ഇട്ടെങ്കിലും അത് പരാജയപ്പെട്ടു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂയോര്‍ക്കിലും ആക്രമണം പദ്ധതിയിട്ടെങ്കിലും എഫ്ബിഐ അത് തകര്‍ത്തു.
സിറിയയിലും ഇറാഖിലും ഐഎസിനെതിരേ അമേരിക്ക നിര്‍ണ്ണായക വിജയം നേടിയെങ്കിലും അമേരിക്കയ്ക്ക് ഇപ്പോഴും ഭീകരസംഘടന ഭീഷണിയാണ്. 2017 ല്‍ സ്റ്റോക്ക്ഹോമില്‍ ഇവര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടെന്നും ട്രാവിസ് പറയുന്നു. 9/11 ആക്രമണമാണ് അഫ്ഗാനിസ്ഥാന് പുറത്ത് തീവ്രവാദി സംഘടനകള്‍ക്ക് ശ്രദ്ധ നല്‍കിയത്. 18 വര്‍ഷങ്ങള്‍ക്ക് ശേഷം 20 ഐഎസ്ഐഎസ് ശാഖകളും നെറ്റ്വര്‍ക്കുകളുമായി ആയിരക്കണക്കിന് ആള്ക്കാര് ഉണ്ടായി. അല്‍ കൊയ്ദ, അതുമായി ബന്ധപ്പെട്ട മറ്റുശാഖകളുമായി ഇറാഖും സിറിയയും മറികടന്ന് 100 ലധികം രാജ്യങ്ങളിലേക്ക് തീവ്രവാദി സംഘടന പടര്‍ന്നതായും പറയുന്നു.
അമേരിക്കന്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറും ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ ആക്ടിങ് ഡയറക്ടറുമാണ് റുസ്സെല്‍ ട്രാവേഴ്സ്. അമേരിക്കന്‍ സെനറ്റില്‍ നടന്ന ചര്‍ച്ചയില്‍ മറുപടി നല്‍കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.






