
റോം: ലോകഫുട്ബോളിലെ അതികായന്മാരില് ലിയോണേല്‍ മെസ്സിയുടെ ബാഴ്സിലോണ സമനിലയില്‍ കുരുങ്ങിയതിന് പിന്നാലെ ഇറങ്ങിയ എതിരാളി ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ യുവന്റസിന് ജയം. യുവേഫാ ചാംപ്യന്‍സ് ലീഗില്‍ യുവന്റസിന് പുറമേ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കും ടോട്ടനവും വിജയം നേടിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി സമനിലയില്‍ കുരുങ്ങി. അതേസമയം സ്പെയിനിലെ രണ്ടാമത്തെ വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡ് തോല്‍വി അറിഞ്ഞു.
റഷ്യന്‍ ക്ളബ്ബ് ലോക്കോമോട്ടീവിനെ ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസ് 2-1 നാണ് തോല്‍പ്പിച്ചത്. അതേസമയം ക്രിസ്ത്യാനോ റൊണാള്‍ഡോ ഗോള്‍ നേടിയില്ല. മൂന്നാം മിനിറ്റില രാംസേയും ഇഞ്ചുറി സമത്ത് ഡഗ്ളസ് കോസ്റ്റയും യുവന്റസിനായി ഗോള്‍ നേടി. അല്‍ മിറാന്‍ ചുക്കായിരുന്നു ലോക്കോമോട്ടീവിനായി സ്കോര്‍ ചെയ്തത്. ക്രിസ്ത്യാനോ റൊണാള്‍ഡോ എടുത്ത ഫ്രികിക്ക് കീപ്പര്‍ ഗ്വില്ലര്മേ തടഞ്ഞത് രാംസേ വലയിലേക്ക് തട്ടിയിടുകയായിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ മിരാന്‍ചുക്ക് മോസ്കോ ടീമിനെ ഒപ്പമെത്തിച്ചു. കളി ഒരു ഗോള്‍ സമനിലയിലേക്ക് നീങ്ങുന്നു എന്ന ഘട്ടത്തില്‍ അവസാന ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടി ഡഗ്ളസ് കോസ്റ്റ അവസാന നിമിഷം മത്സരം യുവന്റസിന്റെ കൈകളില്‍ എത്തിച്ചു. അര്‍ജന്റീന താരം ഹിഗ്വന് നല്കിയ ത്രൂബോളായിരുന്നു ഡഗ്ളസ് കോസ്റ്റ ലക്ഷ്യത്തില്‍ എത്തിച്ചത്.
ജര്‍മ്മന്‍ ചാമ്പ്യന്മാരായ ബയേണിന്റെ വിജയം ഗ്രീക്ക് ക്ളബ്ബ് ഒളിമ്പിയാക്കോസിന് എതിരേയായിരുന്നു. സൂപ്പര്‍താരം ലാവന്ഡോവ്സ്ക്കിയും പെരിസിക്കും രണ്ടാം പകുതിയില്‍ നേടിയ ഗോളുകളായിരുന്നു മത്സരത്തില്‍ നിര്‍ണ്ണായകമായത്. 69 ാം മിനിറ്റില്‍ ആദ്യഗോള്‍ നേടിയ ലവന്ഡോവ്സ്ക്കി ബയേണിന്റെ കഴിഞ്ഞ 14 മത്സരങ്ങളിലും ഗോള്‍ നേടിയ താരമായി മാറി. റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിന് എതിരേ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കായിരുന്നു നിലവിലെ റണ്ണറപ്പുകളായ ടോട്ടനത്തിന്റെ ജയം. സണ്‍ ഹ്യൂം മിന്നിന്റെ ഇരട്ട ഗോളുകള്‍ക്കൊപ്പം ലോ സെല്‍സോ എറിക്സണ് എന്നിവര്‍ നേടിയ ഗോളുകളും ടോട്ടനത്തിന് ഗുണകരമായി.
അതേസമയം കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഇറ്റാലിയന്‍ ക്ളബ്ബ് അറ്റലാന്റാ 1-1 സമനിലയില്‍ തളച്ചു. ഏഴാം മിനിറ്റില്‍ സ്റ്റെര്‍ലിംഗിലൂടെ ആദ്യം ഗോളടിച്ചെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ പസാലിക്കിലൂടെ അറ്റ്ലാന്റ തിരിച്ചടിച്ചു. 81 ാം മിനിറ്റില്‍ ജോസിപ്പ് ഇലിസിറ്റിനെ അപകടകരമായ രീതിയില്‍ ടാക്ളിംഗ് ചെയ്തതിന് ഗോള്‍കീപ്പര്‍ ക്ളോഡിയോ ബ്രാവോ ചുവപ്പുകാര്‍ഡ് കണ്ടതോടെ സിറ്റി പത്തുപേരായി ചുരുങ്ങുകയും ചെയ്തു. ഇതോടെ രണ്ടാം ഗോളി എഡേഴ്സണെ ഇറക്കാന്‍ പ്രതിരോധക്കാരന് കെയ്ല്‍ വാക്കറിനെ കൂടി സിറ്റിക്ക് പിന് വലിക്കേണ്ടി വന്നു.
അതേസമയം കരുത്തരായ സ്പാനിഷ് ടീം അത്ലറ്റിക്കോ മാഡ്രിഡിന് തോല്‍വിയായിരുന്നു ഫലം. ജര്‍മ്മന്‍ ക്ളബ്ബ് ബയര്‍ ലവര്കൂസനുമായി മത്സരിച്ച അവര്‍ 2-1 ന് പരാജയം രുചിച്ചു. 41 ാം മിനിറ്റില്‍ സ്വന്തം താരം പാര്‍ട്ടേ യിലൂടെ ലീഡ് വഴങ്ങിയ അത്ലറ്റിക്കോ 55 ാം മിനിറ്റില്‍ വോളണ്ട് കൂടി ഗോള്‍ നേടിയതോടെ രണ്ടു ഗോളിന് പിന്നിലായി. 84 ാം മിനിറ്റില്‍ പ്രതിരോധക്കാരന് അമീരി ചുവപ്പ് കാര്‍ഡ് കണ്ടതോടെയാണ് മൊറാറ്റയിലൂടെ അത്ലറ്റിക്കോ ഒരു ഗോള്‍ മടക്കിയത്.






