
ന്യൂഡല്‍ഹി: രാജ്യം ആകാംഷയോടെ കാത്തിരുന്ന അയോധ്യാ തര്‍ക്കത്തില്‍ ഭൂമി ഹിന്ദുക്കള്‍ക്ക്. ക്ഷേത്രം നിര്‍മ്മിക്കാന്‍ ഭൂമി നല്‍കണമെന്നും മുസ്ലീങ്ങള്‍ക്ക് പള്ളി പണിയുന്നതിന് ഒരു ബദല്‍ സ്ഥലം നല്‍കണമെന്നും സുപ്രീം കോടതി വിധിച്ചു. സുന്നി വഖഫ് ബോര്‍ഡിന് പള്ളിക്ക് പകരമായി അഞ്ച് ഏക്കര്‍ ഭൂമി നല്‍കണം. മൂന്ന് മാസത്തിനുള്ളില്‍ സ്ഥലങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ട്രസ്റ്റ് രൂപീകരിക്കണമെന്നും വിധിയില്‍ പറയുന്നു. ഇതോടെ രണ്ട് ഏക്കര്‍ 77 സെന്റ് ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനാകും.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ജസ്റ്റീസുമാരായ എസ്എ ബോബ്ഡേ, ഡി വൈ ചന്ദ്രാചുഡ്, അശോക് ഭൂഷണ്, അബ്ദുള്‍ നാസര്‍ എന്നിവര്‍ അടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. നിര്‍മ്മോഹി അഖാഡയുടെ ഹര്‍ജി തള്ളിയ സുപ്രീംകോടതി സുന്നി വഖഫ്ബോര്‍ഡിന്റെയും രാം ലല്ലയുടെയും ഹര്‍ജിയിലാണ് തീര്‍പ്പു കല്‍പ്പിച്ചത്. തര്‍ക്കഭൂമിയെ മൂന്നായി വിഭജിച്ച് അവകാശം നല്കിയ അലഹബാദ് ഹൈക്കോടതി വിധി തെറ്റായിരുന്നെന്നും സുപ്രീംകോടതി വിലയിരുത്തി. 1959 നും ഡിസംബറില്‍ രാമ വിഗ്രഹം കൊണ്ടു വെയ്ക്കുകയും 1992 ല്‍ പള്ളി തകര്‍ക്കുകയൂം ചെയ്തത് നിയമവിരുദ്ധ നടപടിയെന്നും പറുഞ്ഞു.
ഇക്കാര്യത്തില്‍ ഏകകണേ്ഠ്യനെയുള്ള വിധി പ്രസ്താവ്യമാണ് ഉണ്ടായിരിക്കുന്നതെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. കോടതിക്ക് ഇന്ന് അവധി ദിവസമാണെങ്കിലും ചീഫ് ജസ്റ്റീസ് ഭരണഘടനാ ബഞ്ചിന്റെ പ്രത്യേകം യോഗം ചേര്‍ന്ന ശേഷമായിരുന്നു വിധി പ്രസ്താവ്യം നടത്തിയത്. ക്ഷേത്ര കാര്യങ്ങള്‍ നടത്താന്‍ അവകാശം കിട്ടിയ നിര്‍മോഹി അഖാര, ശ്രീരാമപ്രതിഷ്ഠയെ പ്രതിനിധീകരിക്കുന്ന രാംലല്ലാ വിരാജ്മാന്, ബാബ്റി മസ്ജിറിന്റെ ചുമതലക്കാരായിരുന്ന ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് എന്നിവര്‍ക്കു തുല്യമായി പങ്കിടാന്‍ 2010 ല്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ എതിര്‍ത്തുകൊണ്ടുള്ള ഹര്‍ജിയിലാണ് അന്തിമ തീരുമാനം വന്നത്.
ഇക്കാര്യത്തില്‍ 14 ഹര്‍ജികളാണു സുപ്രീം കോടതിക്ക് മുന്നിലെത്തിയത്. 40 ദിവസത്തോളം നീണ്ട മാരത്തോണ്‍ വിചാരണയ്ക്ക് ശേഷമാണ് വിധി പുറപ്പെടുവിച്ചത്. സുപ്രീംകോടതി വിധിയുടെ മുന്നോടിയായി രാജ്യത്തുടനീളവും ഉത്തര്‍പ്രദേശിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേസിലെ തീര്‍പ്പ് സൃഷ്ടിക്കാനിടയുള്ള ക്രമസമാധാന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് യുപിയിലെ സുരക്ഷാ സാഹചര്യങ്ങള്‍ ചീഫ് ജസ്റ്റീസ് നേരിട്ട് വിലയിരുത്തുന്ന അത്യപൂര്‍വ്വ സാഹചര്യവും ഈ കേസില്‍ ഉണ്ടായി. നേരത്തേ വിധിക്ക് മുന്നോടിയായി ഉത്തര്‍ പ്രദേശ് ചീഫ് സെക്രട്ടറി, പോലീസ് മേധാവി എന്നിവരെ വിളിച്ചുവരുത്തി ചീഫ് ജസ്റ്റിസ് സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു.
മസ്ജിദിനു പുറത്തുള്ള രാം ഛബൂത്രയില്‍ ക്ഷേത്രനിര്‍മാണത്തിന് അനുമതി തേടി 1885-ല്‍ െഫെസാബാദ് സബ് കോടതിയിലെത്തിയ ഹര്‍ജിയാണ് അയോധ്യാഭൂമിയെച്ചൊല്ലി നിയമ പോരാട്ടത്തിനു തുടക്കമിട്ടത്. ഈ ഹര്‍ജി കോടതി നിരസിച്ചു. പില്ക്കാലത്ത് വിവിധ കോടതികളിലെത്തിയ ഹര്‍ജികളെല്ലാം ഒന്നിച്ചു പരിഗണിച്ചായിരുന്നു മൂന്നു കക്ഷികള്‍ക്കും ഭൂമി തുല്യമായി വിഭജിച്ചുനല്‍കാന്‍ 2010 ല്‍ െഹെക്കോടതി ഉത്തരവിട്ടത്. എന്നാല്‍ ആരും തര്‍ക്കഭൂമി പങ്കിടുന്നതിനെ അനുകൂലിച്ചില്ല. ഇതോടെയാണ് കേസ് സുപ്രീംകോടതിക്ക് മുന്നിലെത്തിയത്.






