
തിരുവനന്തപുരം: മഞ്ചക്കണ്ടിയില്‍ നടന്ന ഏറ്റുമുട്ടലിനിടെ രക്ഷപെട്ട മാവോയിസ്റ്റ് നേതാവ് ദീപക് (ചന്തു) പിടിയില്‍. ആണക്കട്ടിലില് വെച്ചാണ് തമിഴ്നാട് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ദീപകിനെ പിടികൂടിയത്. ഇയാള്‍ക്കൊപ്പം മറ്റൊരാള്‍ കൂടി പ്രത്യേക സംഘത്തിന്റെ പിടിയിലായതായി സൂചനയുണ്ട്. മാവോയിസ്റ്റുകള്‍ക്ക് ആയുധ പരിശീലനം നല്കുന്നതില് ഛത്തീസ്ഗഡ് സ്വദേശിയായ ദീപക് പ്രധാനിയാണെന്ന് പോലീസ് വ്യക്തമാക്കുന്നത്.
മാവോയിസ്റ്റ് നേതാവ് മണിവാസക് അടക്കം മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് പാലക്കാട് മഞ്ചക്കണ്ടിയില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റ് സംഘത്തില്‍ ഉണ്ടായിരുന്ന ദീപക് ഓടിരക്ഷപെട്ടുവെന്നായിരുന്നു പോലീസ് അറിയിച്ചിരുന്നത്.
ഇതിനിടെ, ഇയാള്‍ എ.കെ 47 തോക്ക് ഉപയോഗിച്ച് വനത്തിനുള്ളില്‍ പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടിരുന്നു. മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കയ്യില്‍ നിന്നും പിടിച്ചെടുത്ത പെന്‍ഡ്രൈവിലാണ് ദീപക്കിന്റെ തോക്ക് പരിശീലന ദൃശ്യങ്ങള്‍ ഉണ്ടായിരുന്നത്.






