
ലൂസിയാന: ബലാത്സംഗക്കേസില്‍ പ്രതിയ്ക്ക് ശിക്ഷാ ഇളവ് നല്കാന് ജഡ്ജിയുടെ ഇടപെടല്‍ തള്ളിക്കളഞ്ഞ് യു.എസ് വനിത. കേസില്‍ പ്രതിക്ക് നല്കിയ 12 വര്‍ഷത്തെ തടവുശിക്ഷയില്‍ ഇളവ് നല്കാന് പ്രതിയില്‍ നിന്നും ഒന്നര ലക്ഷം ഡോളര്‍ നഷ്ടപരിഹാരതുകയായി ഈടാക്കി നല്‍കാമെന്ന ജഡ്ജിയുടെ നിര്‍ദേശമാണ് യുവതി തള്ളിയത്.
ലൂസിയാന ജില്ലാ ജഡ്ജ് ബ്രൂസ് ബെന്നറ്റ് ആണ് വിചിത്രമായ നിര്‍ദേശം മുന്നോട്ടുവച്ചതെന്ന് ഈസ്റ്റ് ബാറ്റണ്‍ റോഗ് ഡിസ്ട്രിക്ട് അറ്റോര്‍ണി ഹില്ലാര്‍ മൂര്‍ പറഞ്ഞു. വിധി പറയുന്ന സമയത്ത് കോടതിയിലുണ്ടായിരുന്ന തന്റെ അസിസ്റ്റന്റിനെ ഇത് ഏറെ ബുദ്ധിമുട്ടിച്ചുവെന്ന് അറ്റോര്‍ണി പറഞ്ഞു.
ഇത് ആസാധാരണമായ ഒരു സൂചനയാണ്. എന്തുകൊണ്ടാണ് ആ ജഡ്ജ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. ആ യുവതിയെ ഏതെങ്കിലും വിധത്തില്‍ സാമ്പത്തികമായി സഹായിക്കാമെന്ന് കരുതിയാവും അദ്ദേഹം അങ്ങനെ പറഞ്ഞതെന്നും അറ്റോര്‍ണി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ജഡ്ജി മുന്നോട്ടുവച്ച നിര്‍ദേശം ഇരയായ യുവതി തള്ളിക്കളഞ്ഞു. ഇപ്പോള്‍ 31 വയസ്സുള്ള യുവതിയെ 15ാം വയസ്സിലാണ് 45കാരനായ സെഡ്രിക് ഹില്‍സ് ബലാത്സംഗം ചെയ്തത്. നടുക്കുന്ന സിനിമ കണ്ട അവസ്ഥയാണ് ഇപ്പോഴും തന്റെ ജീവിതത്തില്‍. നീതിക്കു വേണ്ടി ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ താന്‍ പോരാടി. താന്‍ ആകെ ദേഷ്യത്തിലാണ്. ഇത്തരം ഹീനന്മാരെ അടച്ചിടുകയാണ് വേണ്ടത്്. അയാള്‍ ചെയ്ത ഹീനകൃത്യം തന്നെ ആകെ തകര്‍ത്തു കളഞ്ഞു. ആ സംഭവത്തിനു ശേഷം താന്‍ ആകെ തകര്‍ന്നുപോയി. കുറ്റത്തിന് ശിക്ഷ അനുഭവിക്കുകയാണ് വേണ്ടത്. അത് പണം കൊടുത്ത് തീര്‍ക്കാനാവില്ലെന്നും യുവതി പറഞ്ഞു.
2003ലാണ് ഹില്‍സ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. 2014ലാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയത്. ഡി.എന്‍.എ തെളിവുകളും കേസില്‍ നിര്‍ണായകമായി. 2018 ഓഗസ്റ്റില്‍ ഹില്‍സ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 2310 ചതുരശ്ര അടി വിസ്താരമുള്ള വീട്ടിലാണ് ഹില്‍സ് താമസിക്കുന്നതെന്ന് കണ്ടെത്തിയ അധികൃതര്‍ അയാള്‍ക്ക് രണ്ടര ലക്ഷം ഡോളറിന്റെ ആസ്തിയുണ്ടെന്നും വിലയിരുത്തിയിരുന്നു.
ലൂസിയാനയില്‍ ബലാത്സംഗത്തിന് ഇരയാകുന്നവരെ സഹായിക്കുന്നതിന് ഫണ്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലൂസിയാന ലോ എന്‍ഫോഴ്സ്മെന്റ് കമ്മീഷനു കീഴിലുള്ള ക്രൈം വിക്ടംസ് റിപരാറ്റേഷന്സ് ബോര്‍ഡ് ആണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്് നിയമലംഘകരില്‍ നിന്ന് ഈടാക്കുന്ന പിഴത്തുകയാണ് ഫണ്ടിലേക്ക് എത്തുന്നത്.
കഴിഞ്ഞ വര്‍ഷം ഈ ഫണ്ടില്‍ നിന്നും 24 ലക്ഷം ഡോളര്‍ ആണ് 3195 ഇരകള്‍ക്കായി നല്‍കിയത്. ഇവരില്‍ ഏറെയും സ്ത്രീകളാണെന്ന് 2018ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ബാല പീഡനങ്ങളും മറ്റ് ലൈംഗിക കുറ്റകൃത്യങ്ങളുമാണ് ബോര്‍ഡ് ഏറ്റവും കൂടുതല്‍ ധനസഹായത്തിന് പരിഗണിക്കുന്നത്്.






