
മംഗളൂരു: മഹാരാഷ്ട്രയിൽ നിന്ന് വിവാഹച്ചടങ്ങിൽ പങ്കെടുത്ത് കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലയാളി സ്വർണവ്യാപാരിക്ക് നേരെ മംഗളൂരുവിൽ സിനിമാ സ്റ്റൈലിൽ കവർച്ച. സൂറത്കല്ലിന് സമീപം ബൈക്കംപാടിയിലാണ് സംഭവം. പയ്യന്നൂർ സ്വദേശിയായ വികാസും കുടുംബവുമാണ് ആക്രമണത്തിനും കവർച്ചയ്ക്കും ഇരയായത്.
മൂന്ന് കാറുകളിലായി എത്തിയ സംഘമാണ് കുടുംബം സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി കവർച്ച നടത്തിയതെന്ന് പരാതിയിൽ പറയുന്നു. പനമ്പൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ, ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്ന 180 ഗ്രാം സ്വർണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടപ്പെട്ടതായി വികാസ് അറിയിച്ചു.
പരാതി പ്രകാരം, വാഹനം തടഞ്ഞ സംഘം വികാസിനെ കാറുൾപ്പെടെ തട്ടിക്കൊണ്ടുപോയ ശേഷം ഭാര്യയെയും മകനെയും വഴിയിൽ ഇറക്കിവിട്ടു. പിന്നീട് രക്ഷപ്പെട്ട വികാസ് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






