
പെരുമ്പാവൂർ: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയായ റാബുൽ അമീനാണ് ഭാര്യ നർസീനയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളത്.
ഇരുവരും തമ്മിൽ കഴിഞ്ഞ കുറച്ച് നാളുകളായി കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായി പൊലീസ് അറിയിച്ചു. താമസസ്ഥലത്ത് വീണ്ടും ഉണ്ടായ തർക്കത്തിനിടെ പ്രകോപിതനായ റാബുൽ കൈയിൽ കിട്ടിയ ആയുധം ഉപയോഗിച്ച് നർസീനയുടെ തലയ്ക്ക് അടിച്ചെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം. ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്.
ദമ്പതികൾക്ക് മൂന്ന് വയസ്സുള്ള ഒരു കുട്ടിയുണ്ട്. വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പ്രതിയെ പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.






