
ഗുഡ്ഗാവ്: ബന്ധുവിനൊപ്പം പരീക്ഷയ്ക്ക് എത്തിയ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി. ഗുഡ്ഗാവില്‍ പരീക്ഷയ്ക്ക് എത്തിയപ്പോള്‍ അകന്ന ബന്ധുവായ യുവാവ് പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. രണ്ട് മാസം മുമ്പ് നടന്ന സംഭവത്തെക്കുറിച്ച് ഇപ്പോഴാണ് പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്. ഗുഡ്ഗാവിലെ മഹേന്ദ്രഗഡ് സ്വദേശിനിയാണ് പരാതിക്കാരി.
പരീക്ഷയുടെ ഭാഗമായി ഗുഡ്ഗാവില്‍ എത്തിയ പെണ്‍കുട്ടിയെ നിര്‍ബന്ധിപ്പിച്ച് ഹോട്ടലില്‍ താമസിപ്പിക്കുകയും രാത്രിയില്‍ ലൈംഗികമായി ആക്രമിക്കുകയുമായിരുന്നു. സെപ്റ്റംബര്‍ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിനെതിരെ പെണ്‍കുട്ടി മഹേന്ദ്രഗഡ് പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതി ഗുഡ്ഗാവ് പോലീസിന് കൈമാറി. പരാതിക്കാരിയുടെ മൊഴിയെടുത്തു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പോലീസ് വ്യക്തമാക്കി.
പരീക്ഷാ സെന്ററില്‍ വച്ചാണ് പെണ്‍കുട്ടി അകന്ന ബന്ധു കൂടിയായ കസിനെ കണ്ടത്. തുടര്‍ന്ന് ഇയാള്‍ നിര്‍ബന്ധിച്ച് ഹോട്ടലിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് രാത്രിയില്‍ പീഡിപ്പിക്കുകയായിരുന്നു. പരാതിക്കാരി ഉറങ്ങുന്നതിനിടെയാണ് പീഡനം നടന്നത്. സംഭവം പുറത്ത് പറഞ്ഞാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. രണ്ട് മാസത്തോളം വിവരം രഹസ്യമാക്കി വച്ചുവെങ്കിലും ഒടുവില്‍ മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് പെണ്‍കുട്ടി വിവരം പുറത്തുപറഞ്ഞത്.






