
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി ജോളിയുടെ ആദ്യ ഇരയായ പൊന്നാമറ്റത്തെ അന്നമ്മയെ കൊന്നത് പട്ടിയെ കൊല്ലാനുള്ള വിഷം ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. മൃഗാശുപത്രിയില്‍ നിന്നും ജോളി വിഷം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ പോലീസിന് കിട്ടി. ഇക്കാര്യം ജോളിയും സമ്മതിച്ചു. ഉടന്‍ തന്നെ ജോളിയെ ജില്ലാ മൃഗാശുപത്രിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.
ഓഗസ്റ്റ് 20 നായിരുന്നു അന്നമ്മ കൊല്ലപ്പെട്ടത്. സംഭവത്തിന് നാലു ദിവസം മുമ്പ് ജോളി 'ഡോഗ് കില്‍' എന്ന വിഷം കോഴിക്കോട് ജില്ലാ മൃഗാശുപത്രിയില്‍ എത്തി മറ്റൊരു പേരില്‍ വാങ്ങിയതിന്റെ രേഖകള്‍ പോലീസിന് കിട്ടിയതായിട്ടാണ് വിവരം. നേരത്തേ അന്നമ്മയെ കൊലപ്പെടുത്തിയത് ആഹാരത്തില്‍ കീടനാശിനി ചേര്‍ത്തു നല്‍കിയാണ് എന്നായിരുന്നു ജോളി നല്‍കിയിരുന്ന വിവരം. എന്നാല്‍ പലയിടങ്ങളില്‍ സഞ്ചരിച്ചിട്ടും കീടനാശിനി എവിടെ നിന്നുമാണ് വാങ്ങിയത് എന്നതിന്റെ തെളിവ് കണ്ടെത്താന്‍ പോലീസ് കഠിന ശ്രമം നടത്തിയിട്ടും കഴിഞ്ഞിരുന്നില്ല.
എന്നാല്‍ പിന്നീടാണ് വളര്‍ത്തുനായ്ക്കളെ കുത്തിവെച്ച് കൊല്ലാന്‍ ഉപയോഗിക്കുന്ന മരുന്നാണ് ഉപയോഗപ്പെടുത്തയതെന്ന് കണ്ടെത്തിയത്. ഒരു പത്ര വാര്‍ത്തയില്‍ നിന്നുമാണ് വിഷത്തെക്കുറിച്ച് ജോളി അറിഞ്ഞത്. ഏറെ ആസൂത്രണം നടത്തിയായിരുന്നു ജോളി ഓരോ കൊലപാതകങ്ങളും നടത്തിയിരുന്നത്. ആട്ടിന്‍ സൂപ്പില്‍ കീടനാശിനി കലര്‍ത്തി കൊടുത്തു കൊലപ്പെടുത്തി എന്നായിരുന്നു നേരത്തേ അന്നമ്മയുടെ കൊലപാതകത്തില്‍ ജോളി നല്കിയ ആദ്യ മൊഴി. ഇത് വഴി തെറ്റിക്കാനായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
അതിനിടയില്‍ കൊലപാതക പരമ്പരയിലെ അഞ്ചാമത്തെ കേസിലും ഇന്നലെ ജോളിയെ അറസ്റ്റ് ചെയ്തു. ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ പിതാവ് ടോം തോമസ് കൊല്ലപ്പെട്ട കേസില്‍ കുറ്റിയാടി സിഐ എന്‍ സുനില്ക്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട് ജില്ലാ ജയിലില്‍ എത്തിയാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്നമ്മയും ടോംതോമസും ഹൃദയാഘാതം വന്നാണ് മരിച്ചതെന്ന് വരുത്താനായിരുന്നു ജോളിയുടെ ശ്രമം. ഛര്ദ്ദിക്കുന്നതൊഴികെ മറ്റൊരു ലക്ഷണവും രണ്ടുപേരും കാട്ടിയില്ല.






