
ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള പുന:പരിശോധനാ ഹര്‍ജി വിപുലമായ ബഞ്ച് പരിഗണിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി. അഞ്ചംഗ ഭരണഘടനാ ബഞ്ച് നേരത്തേ പുറപ്പെടുവിച്ച വിധി പുനപരിശോധനയ്ക്കായി ഏഴംഗ ബെഞ്ചിന് വിട്ടു. ഇതോടെ ലിംഗസമത്വവും ആരാധനാ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഹര്‍ജികളെല്ലാം സുപ്രീംകോടതി വിശാല ബഞ്ച് പരിഗണിക്കും.
ശബരിമല പുന: പരിശോധനാ ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി ജസ്റ്റീസുമാരായ എഎന്‍ ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരുടെ വിധി പ്രസ്താവ്യമാണ് ആദ്യം നടത്തിയത്. ഇവര്‍ ഹര്‍ജികള്‍ വിശാല ബഞ്ചിന് വിടാമെന്ന് പ്രസ്താവിച്ചപ്പോള്‍ ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡും റോഹിന്‍ടണ്‍ നരിമാനും വിയോജിപ്പ് രേഖപ്പെടുത്തി. പുന: പരിശോധനാ ഹര്‍ജി തള്ളണമെന്ന് ഇരുവരും പറഞ്ഞു. ഇതോടെ ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശം സംബന്ധിച്ച എല്ലാ ഹര്‍ജികളും ഒരുമിച്ച് വിശാല ബഞ്ച് പരിഗണിക്കും.
രാജ്യത്തെ മോസ്ക്കുകളിലും ചില പാഴ്സി ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് വിലക്ക് നില നില്‍ക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ഹര്‍ജികള്‍ മുന്നിലുണ്ടെന്നും കോടതി കണ്ടെത്തി. ആരാധനാലയങ്ങളില്‍ സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ പരിശോധന വേണമെന്നും ഇതിനായി വിശാലമായ ബഞ്ച് പരിഗണിക്കേണ്ടതുണ്ടെന്നും കണ്ടെത്തുകയായിരുന്നു. സമാനമായ ഹര്‍ജികളെല്ലാം വിശാല ബഞ്ച് ഒരുമിച്ച് പരിഗണിക്കും.
വിശാലബഞ്ച് നിലവില്‍ വരും വരെ ശബരിമലയില്‍ തല്‍സ്ഥിതി തുടരുമെന്നാണ് സൂചന. അതേസമയം പഴയ വിധി സ്റ്റേ ചെയ്യണമെന്നോ നിലവിലെ സ്ഥിതി തുടരണമെന്നോ വിധിയില്‍ പരാമര്‍ശമില്ല. വിധി പുനഃപരിശോധിക്കണമെന്ന ആവശ്യപ്പെട്ട് 56 ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്നില്‍ എത്തിയത്. 2018 സെപ്റ്റംബര്‍ 28-നായിരുന്നു ശബരിമലയില്‍ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കാമെന്ന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്.
ഭരണഘടന പ്രകാരം ആചാരങ്ങള്‍ക്കുള്ള അവകാശം സ്ത്രീയ്ക്കും പുരുഷനും തുല്യമാണെന്നും ശാരീരികാവസ്ഥയുടെ പേരിലുള്ള വിവേചനം മൗലീക അവകാശങ്ങളുടെ ലംഘനമാണെന്നും ആയിരുന്നു സുപ്രീംകോടതി നേരത്തേ വിലയിരുത്തിയത്. എന്നാല്‍ പിന്നീട് സമര്‍പ്പിക്കപ്പെട്ട പുന: പരിശോധനാ ഹര്‍ജിയില്‍ 2019 ഫെബ്രുവരി 6 ന് ഒരു ദിവസം മുഴുവന്‍ വാദം കേട്ട് ഒമ്പതു മാസത്തിന് ശേഷമായിരുന്നു വിപുലമായ ബഞ്ചിന് വിടുന്നത്.






