
മുംബൈ : വൈകാതെ തന്നെ ശബരിമലയിലെത്തുമെന്നും അതിനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി. ശബരിമല പുന:പരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ പ്രതികരിച്ചു. സമൂഹത്തില്‍ സ്ത്രീകളുടെ അവകാശത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടമാണ് ഇതെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു.
സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം പുറത്തു വന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ തൃപ്തി ശബരിമല ദര്‍ശനത്തിനായി പുറപ്പെട്ടിരുന്നു. എന്നാല്‍, വിശ്വാസികളുടെ ഭാഗത്തു നിന്നുണ്ടായ കടുത്ത പ്രതിഷേധങ്ങളെ തുടര്‍ന്ന് അവര്‍ മടങ്ങിപ്പോകുകയായിരുന്നു.
ലിംഗ സമത്വത്തിനു വേണ്ടി വാദിക്കുന്ന ആക്ടിവിസ്റ്റാണ് തൃപ്തി ദേശായി. പുനെ ആസ്ഥാമായി 'ഭൂമാതാ ബ്രിഗേഡ്' എന്ന പേരില്‍ 2010 ല്‍ ഒരു സംഘടന ഉണ്ടാക്കിയതോടെയാണ് തൃപ്തി ദേശായി എന്ന പേര് ദേശീയ തലത്തില്‍ ശ്രദ്ധേയമായത്. ക്ഷേത്രാരാധനകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും സ്ത്രീകളെ വിലക്കുന്നതിന് എതിരെയാണ് ഇവരുടെ പോരാട്ടം. മഹാരാഷ്ട്രയിലെ ശനി ശിഖ്നാപുര്‍ ക്ഷേത്രത്തിലും ഹാജി അലി ദര്‍ഗയിലും സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനായി സമരം ചെയ്തതോടെ ഇത്തരം പോരാട്ടങ്ങളുടെ മുഖമായി തൃപിയുടെ സംഘടന മാറുകയായിരുന്നു.






