
തിരുവനന്തപുരം : എന്തൊക്കെ സംഭവിച്ചാലും ശബരിമല ദര്‍ശനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് തൃപ്തി ദേശായി. 2018 ലെ സുപ്രീംകോടതി വിധിയുടെ പകര്‍പ്പ് തന്റെ കൈവശമുണ്ടെന്നും അതുകൊണ്ടു തന്നെ തനിക്ക് സംരക്ഷണം നല്‍വേണ്ട പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും തൃപ്തി പറഞ്ഞു.
തത്കാലം ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കേണ്ട എന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെയായിരുന്നു തൃപ്തിയുടെ പുതിയ നീക്കം. എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 ലെ സുപ്രീംകോടതി വിധി സ്റ്റേ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ ആ വിധി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത് ശബരിമലയില്‍ കയറാന്‍ വരുന്ന യുവതികള്‍ സുപ്രീംകോടതിയുടെ ഉത്തരവുമായി വരേണ്ടതാണെന്നാണ്. എന്റെ കയ്യില്‍ വിധിയുടെ പകര്‍പ്പുണ്ട്. ഞാന്‍ നാളെത്തന്നെ ശബരിമലയിലേയ്ക്ക് എത്തും. അതിന്റെ പേരില്‍ എന്തൊക്കെ സംഭവിച്ചാലും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നും തൃപ്തി പറയുന്നു.
സുരക്ഷ നല്‍കില്ലെന്ന തരത്തില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് അംഗീകരിക്കാനാകില്ല. ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്നും എന്നാല്‍, അവിടെ തമ്പടിച്ചിട്ടുള്ള, വിധി നടപ്പാക്കരുതെന്ന് വാശിപിടിക്കുന്ന ആളുകള്‍ ആക്രമിക്കാതിരിക്കാനാണ് സംരക്ഷണം നല്‍കേണ്ടതെന്നും തൃപ്തി പറഞ്ഞു.






