
ന്യൂഡല്‍ഹി: ജസ്റ്റിസ് ഷരദ് അരവിന്ദ് ബോബ്ഡെ ഇന്ത്യയുടെ 47-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്യുടെ പിന്‍ഗാമിയായാണ് 63 കാരനായ ജസ്റ്റിസ് ബോബ്ഡെ രാഷ്ട്രപതിക്കു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് നവംബര്‍ 17 നാണ് വിരമിച്ചത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയ്ക്ക് 17 മാസത്തോളം കാലാവധിയുണ്ട്. 2021 ഏപ്രില്‍ 23 വരെയാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ കാലാവധി.
സുപ്രധാനമായ പല കേസുകളിലും എസ്എ ബോബ്ഡെ ഭരണഘടന ബെഞ്ചിന്റെ ഭാഗമായിരുന്നു. അയോധ്യക്കേസില്‍ ചരിത്ര വിധി പ്രഖ്യാപിച്ച് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലും എസ്എ ബോബ്ഡെ ഉള്‍പ്പെട്ടിരുന്നു. 2017 ആഗസ്റ്റില്‍ സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാക്കിയ ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചില്‍ എസ്എ ബോബ്ഡെയും അംഗമായിരുന്നു.
മഹാരാഷ്ട്രയിലെ അഭിഭാഷക കുടുംബത്തില്‍ നിന്നാണ് എസ്എ ബോബ്ഡെ വരുന്നത്. പ്രമുഖ സീനിയര്‍ അഡ്വക്കേറ്റായ അരവിന്ദ് ശ്രീനിവാസിന്റെ മകനാണ് എസ്എ ബോബ്ഡെ. സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആണ് എസ്എ ബോബ്ഡെയുടെ പേര് കേന്ദ്രത്തിനു മുന്നില്‍ ശുപാര്‍ശ ചെയ്തത്. 1956 ഏപ്രില്‍ 24 നാണ് ബോബ്ഡെയുടെ ജനനം. നാഗ്പൂര്‍ സര്‍വകലാശാലയില്‍ നിന്നാണ് നിയമബിരുദം പൂര്‍ത്തിയാക്കിയത്. 1978 ലാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. 1998 ല്‍ മുതിര്‍ന്ന അഭിഭാഷക പദവി ലഭിച്ച ബോബ്ഡെ 2000 മാര്‍ച്ച് 29 ന് ബോംബെ ഹൈക്കോടതി ജഡ്ജിയായി. 2012 ല്‍ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിായ അദേഹം 2013 ഏപ്രില്‍ 12 നാണ് സുപ്രീംകോടതി ജഡ്ജി ആയി എത്തുന്നത്.






