
ചെന്നൈ: മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമാ ലത്തീഫിന്റെ ദുരൂഹ മരണത്തില്‍ പ്രതിഷേധം ശക്തമാകുന്നു. തമിഴ്നാട്ടിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ ഇന്ന് പ്രതിഷേധങ്ങളില്‍ പങ്കാളികളാകും. ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി ചെന്നൈയില്‍ ശക്തമായ പ്രതിഷേധത്തിനാണ് തമിഴ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിനെത്തുന്നത്.
കേസില്‍ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് ഐഐടിയില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്. ചിന്താബാര്‍ എന്ന ഗ്രൂപ്പിന്റെ ഭാഗമായി അസര്‍, ജസ്റ്റിന് എന്നി വിദ്യാര്‍ത്ഥികളാണ് നിരാഹാരമിരിക്കുന്നത്. സമരത്തിന് എസ്എഫ്ഐ അടക്കം അനേകം വിദ്യാര്‍ത്ഥി സംഘടനകള്‍ പിന്തുണ നല്‍കിയിട്ടുണ്ട്. അതേസമയം ഇന്ന് ചെന്നൈ നഗരത്തില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധമാര്‍ച്ചിന് പോലീസ് അനുമതി നല്‍കിയിട്ടില്ല.
സംഭവത്തില്‍ ആരോപണ വിധേയരായ മദ്രാസ് ഐഐടി അദ്ധ്യാപകരായ സുദര്ശന് പത്മനാഭന്, ഹേമചന്ദ്രന്, മിലിന്ദ് എന്നിവരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ഇവരെ രണ്ടു മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയരാക്കിയിരുന്നെങ്കിലൂം സംശയാസ്പദമായ സാഹചര്യത്തിലുള്ള മൊഴികള്‍ കിട്ടിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. മുപ്പതോളം സഹപാഠികളുടെ മൊഴിയും രേഖപ്പെടുത്തിയെങ്കിലും ഇതിലും അദ്ധ്യാപകര്‍ക്കെതിരേ ആരും മൊഴി നല്‍കിയിട്ടില്ല.
അന്വേഷണം കൂടതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഫാത്തിമയുടെ മൊബൈല്‍ഫോണും ലാപ്ടോപ്പും ഫോറന്‍സിക് പരിശോധനയ്ക്കായി വിട്ടിട്ടുണ്ട്. ഇന്ന് രാവിലെ കിട്ടുന്ന പരിശോധനാ ഫലം ആശ്രയിച്ചായിരിക്കും തുടരന്വേഷണം. ഇതിനിടയില്‍ ഐഐടി ഡയറക്ടര്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് സംഭവവുമായി ബന്ധപ്പെട്ട വിശദീകരണം നല്കി. ഡല്‍ഹിയില്‍ നിന്നും ഇദ്ദേഹം മടങ്ങിയെത്തിയ ശേഷം വിദ്യാര്‍ത്ഥികളുടെ ആവശ്യം വിശദമായി ചര്‍ച്ച ചെയ്യാമെന്ന നിലപാടിലാണ് ഐഐടി.





