
ന്യൂഡല്‍ഹി: ടെലികോം കമ്പനികള്‍ നേരിടുന്ന സാമ്പത്തിക നഷ്ടത്തില്‍ നിന്ന് കരകയറാന്‍ താരിഫില്‍ പരിഷ്കരണവുമായി വൊഡാഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ കമ്പനികളും. ഡിസംബര്‍ ഒന്നു മുതല്‍ വര്‍ധിപ്പിച്ച നിരക്കുകള്‍ നിലവില്‍വരും. സെപ്തംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ ഇരു കമ്പനികളും റെക്കോര്‍ഡ് നഷ്ടം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് നിരക്കുകള്‍ ഉയര്‍ത്തുന്നത്.
ടെലികോം മേഖലയിലെ ടെക്നോളജി സൈക്കിള്‍ നിരന്തരമായി പരിഷ്കാരത്തിന് ഇടയാകുന്നതിനാല്‍ തുടര്‍ച്ചയായി നിക്ഷേപം ഈ മേഖലയില്‍ അനിവാര്യമാണ്. വന്‍ തോതില്‍ മൂലധന നിക്ഷേപമാണ് ടെലികോം മേഖലയില്‍ വേണ്ടിവരുന്നത്് ഡിജിറ്റല്‍ ഇന്ത്യ എന്ന കാഴ്ചപ്പാട് തുടരുന്നതിന് ടെലികോം മേഖല വിജയകരമായി തുടരേണ്ടതുണ്ട്. ഇതിന് ആപേക്ഷികമായി എയര്‍ടെല്‍ നിരക്കുകള്‍ ഡിസംബര്‍ മുതല്‍ ഉയര്‍ത്തുമെന്നും ഭാരതി എയര്‍ടെല്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഡിസംബര്‍ ഒന്നു മുതല്‍ നിരക്കില്‍ ന്യായമായ വര്‍ധനവുണ്ടാകുമെന്ന് വൊഡാഫോണ്‍ ഐഡിയയും വ്യക്തമാക്കി. സെപ്തംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ വൊഡാഫോണ്‍ ഐഡിയ, എയര്‍ടെല്‍ കമ്പനികള്‍ക്ക് 74,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്.






