
തിരുവനന്തപുരം : ജി.എസ്.ടി വരുമാനം കൂടാതെയും കേന്ദ്രം കനിയാതെയും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാവില്ല. വന്‍ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് അര്‍ഹമായ വിഹിതം പോലും തടഞ്ഞുവച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തെ ഭരണസ്തംഭനത്തിലെത്തിക്കുമെന്നു സൂചന.
സംസ്ഥാനത്തിന് സ്വന്തമായി വരുമാനം കണ്ടെത്താന്‍ ഇപ്പോള്‍ മാര്‍ഗമില്ല. ജി.എസ്.ടി കേന്ദ്ര നികുതിയായതുകൊണ്ട് അതില്‍ പരിഷ്കാരം നടത്തി സംസ്ഥാനത്തിന് വരുമാനം കൂട്ടാനാകില്ല. നികുതിപിരിവിനേക്കാള് തട്ടിപ്പു തടയുകയാണ് സംസ്ഥാനത്തിന് നിലവില്‍ ചെയ്യാനാവുക. എന്നാല്‍ ചെക്പോസ്റ്റുകള്‍ ഇല്ലാതായതും ഇ-ഫയലിങ് കാര്യക്ഷമമല്ലാത്തതും മൂലം വരുമാനം പ്രതീക്ഷിച്ച രീതിയില്‍ വര്‍ധിച്ചില്ല. മറികടക്കാനുള്ള നടപടികളൊന്നും പൂര്ണവിജയവുമായിട്ടില്ല.
മദ്യം, വാഹനനികുതി, ഭൂനികുതി എന്നിവയാണ് സംസ്ഥാനത്തിന് കൂട്ടാനാവുക. മദ്യവില ഇപ്പോള്‍ തന്നെ ഉയര്‍ന്ന നിലയിലാണ്. ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ ധനവകുപ്പിന് മുന്നിലുണ്ട്. എന്നാല്‍ അതുകൊണ്ടൊന്നും പ്രതിസന്ധി മറികടക്കാനാവില്ലെന്ന് ധനവകുപ്പ് പറയുന്നു.
ഇക്കൊല്ലം ജി.എസ്.ടി വരുമാനം കൂട്ടി പ്രതിസന്ധി മറികടക്കാമെന്നായിരുന്നു ധനമന്ത്രിയുടെ കണക്കുകൂട്ടല്‍. അടിസ്ഥാനവര്‍ഷ റിട്ടേണുകള്‍ ലഭിച്ചുകഴിഞ്ഞാല്‍ വരുമാനവര്ധനയുണ്ടാക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആ റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട തീയതി കേന്ദ്രം നീട്ടിക്കൊണ്ടിരിക്കുകയാണ്. അടിസ്ഥാനവര്‍ഷ റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട സമയം ഡിസംബര്‍ 31 വരെയും ഈ വര്‍ഷത്തേത് മാര്‍ച്ച് 31 വരെയുമാണ് നീട്ടിയത്. ഇനി ഡിസംബറില്‍ റിട്ടേണുകള്‍ ലഭിച്ചു വിലയിരുത്തിയശേഷമേ വരുമാനം വര്ധിപ്പിക്കാനാവു.
ഇതിനിടയിലാണ് ജി.എസ്.ടിയിലെ നഷ്ടപരിഹാരത്തുകയായി ഒക്ടോബറില്‍ നല്‍കേണ്ടിയിരുന്ന 1,600 കോടി രൂപ പിടിച്ചുവച്ചതും വായ്പാപരിധി വെട്ടിക്കുറച്ചതും. വരുമാനം കുറയുമ്പോള്‍ പൊതുവിപണിയില്‍നിന്നു വായ്പയെടുത്തായിരുന്നു മറികടന്നിരുന്നത്. എന്നാല്‍ ആദ്യപാദം കഴിഞ്ഞശേഷം 6,500 കോടി രൂപയാണ് വായ്പപരിധിയില്നിന്നു വെട്ടിക്കുറച്ചത്. ഈ സാഹചര്യത്തില്‍ ട്രഷറിയില്‍ കര്‍ശന നിയന്ത്രണമല്ലാതെ മാര്‍ഗമില്ല.
അടുത്തമാസത്തെ ശമ്പളത്തിനുപുറമെ സാമൂഹിക ക്ഷേമപെന്‍ഷനുകള്‍ ഉള്‍പ്പെടെയുള്ളവ നല്‍കേണ്ടതുണ്ട്. ഇവയ്ക്കെല്ലാംകൂടി 10,000 കോടി രൂപയാണ് വേണ്ടിവരും. ഇത് കണ്ടെത്തുകയെന്നതാണ് ഇപ്പോള്‍ സംസ്ഥാനത്തിന് മുന്നിലുള്ള വെല്ലുവിളി.






