
നശിയ്ക്കാതെ കിടക്കുന്ന പ്ലാസ്റ്റിക് ഇന്ന് ലോകത്തെ മുഴുവന്‍ പ്രശ്നത്തിലാക്കുന്നുണ്ട്. ലൂസി ഹ്യൂസ് എന്ന ബ്രിട്ടീഷ് യുവതിയുടെ കണ്ടെത്തലാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. വിഘടിക്കുന്ന തരത്തിലുള്ള പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക്കാണ് ലൂസി വികസിപ്പിച്ചെടുത്തത്. ഒരു തവണ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് പകരമാകാന്‍ ലൂസി വികസിപ്പിച്ചെടുത്ത മറീന ടെക്സ എന്ന പ്ലാസ്റ്റിക്കിന് സാധിക്കും.
മത്സ്യാവശിഷ്ടവും ആല്ഗയുമാണ് ലൂസി വികസിപ്പിച്ച പ്ലാസ്റ്റിക്കിലെ പ്രധാന അസംസ്കൃത വസ്തുക്കള്‍. 2050 ആകുമ്പോഴേക്കും സുദ്രത്തില്‍ മത്സ്യങ്ങളേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക് ആയിരിക്കും ഉണ്ടാവുകയെന്നും ലൂസി പറയുന്നു. ഫിഷിങ് വ്യവസായത്തില്‍നിന്ന് പുറന്തള്ളുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കാനും തന്റെ കണ്ടുപിടിത്തം സഹായിക്കുമെന്ന് ലൂസി വിശ്വസിക്കുന്നു. ലൂസിയുടെ ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക്ക് യൂണിവേഴ്സിറ്റി ഓഫ് സൂസെക്സിലെ തന്റെ അവസാന വര്‍ഷ പ്രോജക്ടിന്റെ ഭാഗമായിട്ടാണ് വികസിപ്പിച്ചത്.
മറീന ടെക്സ് നിര്‍മ്മിച്ചതോടെ ജയിംസ് ഡൈസണ്‍ ഫൗണ്ടേഷന് മികച്ച ഡിസൈനുള്ള 2019ലെ ജയിംസ് ഡൈസണ്‍ അവാര്‍ഡിന് ലൂസിയെ ഈ മാസം 13ന് തെരഞ്ഞെടുത്തു. കഴിക്കാനും കഴിയുന്ന ഉല്പന്നമാണ് മറീന ടെക്സ്. പ്ലാസ്റ്റിക്കില്‍നിന്നു വിഭിന്നമായി ദ്രവിച്ച് ഇല്ലാതാകാനും ഇതിന് കഴിയും. പരമാവധി ആറാഴ്ച മാത്രമേ ഇതിന് വേണ്ടൂ. അതുകൊണ്ടു തന്നെ മണ്ണ് മലിനമാകില്ല. ജയിംസ് ഡൈസണ്‍ അവാര്‍ഡിന് അര്‍ഹയായ ലൂസിക്ക് 41,000 ഡോളര്‍ പാരിതോഷികമായി ലഭിക്കും. ഈ സമ്മാനത്തുക ഉപയോഗിച്ച് മറീന ടെക്സ് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാനുള്ള സംവിധാനമുണ്ടാക്കുമെന്ന് ലൂസി വാര്‍ത്താ ഏജന്‍സിക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.






