
ബ്രിസ്ബെയ്ന്‍: പ്രായം വെറും 15 വയസ്. ഒസീസ് മണ്ണില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച പാക്ക് യുവതാരം റെക്കോര്‍ഡ് ബുക്കിലും ഇടംനേടി. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് പാക്കിസ്ഥാനായി യുവ പേസര്‍ നസീം ഷാ അരങ്ങേറ്റം കുറിച്ചത്. ഇതോടെ ഓസീസ് മണ്ണില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും നസീം ഷാ സ്വന്തമാക്കിയത്.
ബ്രിസ്ബെയ്നില്‍ നസീം ഷാ ക്യാപ് അണിഞ്ഞത് വെറും 15 വര്‍ഷവും 279 ദിവസവും മാത്രമുള്ളപ്പോഴാണ്. ഏഴ് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചതിനു ശേഷമാണ് നസീമിന് ദേശീയ ടീമിലേക്ക് വിളിയെത്തിയത്. ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 27 വിക്കറ്റാണ് നസീമിന്റെ സമ്പാദ്യം.
ഇതോടെ ഓസീസ് താരം ഇയാന്‍ ക്രെയ്ഗിന്റെ റെക്കോര്‍ഡാണ് നസീം മറികടന്നത്. 1953 ല്‍ 17 വയസുള്ളപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മെല്‍ബണില്‍ അരങ്ങേറ്റം കുറിച്ച ഇയാന്‍ ക്രെയ്ഗിനെയാണ് പ്രായം കൊണ്ട് പാക്ക് യുവതാരം മറികടന്നത്. ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ ഒമ്പതാമത്തെ താരമെന്ന നേട്ടവും നസീം സ്വന്തമാക്കി.






