
തിരുവനന്തപുരം: ഒഡിഷയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 245 റൺസെടുത്തു. സച്ചിൻ ബേബിയുടെ സെഞ്ചുറിയും മുഹമ്മദ് അസ്ഹറുദ്ദീന്റെ അർധസെഞ്ചുറിയുമാണ് തുടക്കത്തിലെ തകർച്ചയിൽനിന്ന് കേരളത്തെ കരകയറ്റിയത്. 112 റൺസെടുത്ത സച്ചിൻ പുറത്തായപ്പോൾ അസ്ഹറുദ്ദീൻ 72 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് 18 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. അഭിഷേക് പി. നായർ, ജലജ് സക്സേന എന്നിവർ പൂജ്യത്തിന് പുറത്തായി. 11 റൺസെടുത്ത അഭിഷേക് ജെ. നായരുടെ വിക്കറ്റും നഷ്ടമായതോടെ കേരളം പ്രതിസന്ധിയിലായി.
തുടർന്ന് ക്യാപ്റ്റൻ വിഷ്ണു വിനോദിനൊപ്പം ചേർന്ന സച്ചിൻ ബേബി ഇന്നിങ്സ് മുന്നോട്ടുനയിച്ചു. ഇരുവരും ചേർന്ന് 40 റൺസ് കൂട്ടിച്ചേർത്തു. 21 റൺസെടുത്ത വിഷ്ണു വിനോദ് സൗമ്യ രഞ്ജന്റെ പന്തിൽ പുറത്തായി. പിന്നാലെ 21 റൺസെടുത്ത സൽമാൻ നിസാറും മടങ്ങിയതോടെ കേരളം അഞ്ച് വിക്കറ്റിന് 101 റൺസെന്ന നിലയിലായി.
ആറാം വിക്കറ്റിൽ ഒത്തുചേർന്ന സച്ചിൻ ബേബിയും മുഹമ്മദ് അസ്ഹറുദ്ദീനും ചേർന്ന് 141 റൺസ് കൂട്ടിച്ചേർത്തു. ചായയ്ക്കുശേഷം ലളിത് യാദവിന്റെ പന്തിൽ സിംഗിളെടുത്ത് സച്ചിൻ തന്റെ 16-ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറി പൂർത്തിയാക്കി. തൊട്ടടുത്ത ഓവറിൽ അസ്ഹറുദ്ദീനും അർധസെഞ്ചുറി തികച്ചു.
ആദ്യ ദിനം അവസാനിക്കുന്നതിന് തൊട്ടുമുൻപത്തെ ഓവറിലാണ് സച്ചിൻ പുറത്തായത്. 11 ബൗണ്ടറികളും ഒരു സിക്സുമടക്കം 112 റൺസാണ് താരം നേടിയത്. കളി നിർത്തുമ്പോൾ മുഹമ്മദ് അസ്ഹറുദ്ദീൻ 72 റൺസുമായും ആദിത്യ സർവതെ മൂന്ന് റൺസുമായും ക്രീസിലുണ്ട്.







Comments