
ഇസ്ലാമാബാദ്: ഓൺലൈൻ വാതുവെപ്പ്, ചൂതാട്ടം, ഡ്രസ്സിങ് റൂമിലെ വിവരങ്ങൾ ചോർത്തൽ തുടങ്ങിയ ആരോപണങ്ങളിൽ അന്വേഷണം നേരിടുന്ന പാകിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാന് താൽക്കാലിക ആശ്വാസം. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അനുമതി നൽകി.
ഒക്ടോബർ 19ന് ആരംഭിക്കുന്ന പ്രസിഡന്റ്സ് കപ്പ് ഫസ്റ്റ് ക്ലാസ് ടൂർണമെന്റിൽ റിസ്വാൻ സൂയി നോർത്തേൺ ഗ്യാസ് പൈപ്പ്ലൈൻസ് ലിമിറ്റഡ് (എസ്എൻജിപിഎൽ) ടീമിനെ നയിക്കുമെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റനും ടീമിന്റെ പരിശീലകനുമായ മുഹമ്മദ് ഹഫീസ് അറിയിച്ചു. ഇതുസംബന്ധിച്ച ഇമെയിൽ പിസിബിയുടെ ആഭ്യന്തര വിഭാഗത്തിൽനിന്ന് ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഓഗസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുശേഷം റിസ്വാനെയും മറ്റൊരു താരമായ ഇമാം ഉൾ ഹഖിനെയും ഇംഗ്ലണ്ടിൽനിന്ന് തിരിച്ചുവിളിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇരുവർക്കും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. ഡ്രസ്സിങ് റൂമിലെ വിവരങ്ങൾ ചോർന്നതും ഓൺലൈൻ വാതുവെപ്പ് ആരോപണങ്ങളും സംബന്ധിച്ച് നാഷണൽ സൈബർ ക്രൈം ഏജൻസി നടത്തുന്ന അന്വേഷണത്തെ തുടർന്നായിരുന്നു നടപടി.
ഇതുവരെ രണ്ടുതവണ റിസ്വാൻ അന്വേഷണ ഏജൻസിക്കു മുന്നിൽ ചോദ്യംചെയ്യലിന് ഹാജരായിട്ടുണ്ട്. എന്നാൽ അന്വേഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിനിടെ പാകിസ്ഥാൻ ടീമിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ റിസ്വാന്റെയും ഇമാം ഉൾ ഹഖിന്റെയും ഫോണുകൾ പിടിച്ചെടുത്ത് ഫൊറൻസിക് പരിശോധനയ്ക്കായി അന്വേഷണ ഏജൻസിക്ക് കൈമാറിയിരുന്നു.







Comments