
ലത്തേഹാര്‍: ഝാര്‍ഖണ്ഡിലെ ലത്തേഹാറിലുണ്ടായ നക്സല്‍ ആക്രമണത്തില്‍ നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു. ഇന്നലെയാണ് ആക്രമണമുണ്ടായത്. ഇതിനു പിന്നാലെ മേഖലയില്‍ പോലീസ് വ്യാപകമായ തെരച്ചില്‍ നടത്തുകയാണ്. എസ്.പി പ്രശാന്ത് ആനന്ദ്, നക്സല്‍ വിരുദ്ധ ഓപറേഷന്‍സ് എസ്.പി വിപുല്‍ പാണ്ഡെ, സി.ആര്.പി.എഫ് ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍. ഝാര്‍ഖണ്ഡ് ജഗ്വാര്‍, സി.ആര്.പി.എഫ്, ഡോഗ് സ്ക്വാഡ് എന്നിവരും തെരച്ചിലില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
എ.എസ്.ഐ സക്ര ഉര്‍ണവ്, ഹോം ഗാര്‍ഡുമാരായ ദിനേഷ് കുമാര്‍, സിക്കന്ദര്‍ സിംഗ്, യമുന രാം എന്നിവരാണ് കൊല്ലപ്പെട്ടത്. സര്‍വീസ് റിവോള്‍വറും തോക്കുകളും അടക്കം ഇവരുടെ ആയുധങ്ങളും നക്സലുകള്‍ കൊള്ളയടിച്ചിരുന്നു.
അതിനിടെ, ഛത്തീസ്ഗഡില്‍ റിസര്‍വ് ഗാര്‍ഡുമായുള്ള ഏറ്റുമുട്ടലില്‍ ഒരു നക്സല്‍ കൊല്ലപ്പെട്ടു. നാടന്‍ തോക്കും സ്ഫോടക വസ്തുക്കളും ഐഇഡിയും ഇയാളില്‍ നിന്നു പിടിച്ചെടുത്തു. സുക്മയിലെ മുലെറിലാണ് ഏറ്റുമുട്ടലുണ്ടായത്.






