
കോട്ടയം: ഇടതുമുന്നണിയുടെ സാമൂഹിക അടിത്തറയായിരുന്ന കര്‍ഷകത്തൊഴിലാളികള്‍, പരമ്പരാഗതവ്യവസായ തൊഴിലാളികള്‍, കൂലിവേലക്കാര്‍ തുടങ്ങിയവര്‍ എണ്ണത്തില്‍ കുറഞ്ഞതും മധ്യവര്‍ഗക്കാരുടെ പ്രാധാന്യം വര്‍ധിച്ചതുമാണ് നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്കു പ്രധാനകാരണമെന്നു മുതിര്‍ന്ന സി.പി.എം. നേതാവ് ടി.എം. തോമസ് ഐസക്. സി.പി.എമ്മിന്റെ പോഷകസംഘടനായ കേരള കര്‍ഷകസംഘം പ്രസിദ്ധീകരിക്കുന്ന 'കര്‍ഷകനാദം' മാസികയില്‍, 'എന്തുകൊണ്ട് തിരിച്ചടിയുണ്ടായി' എന്ന ലേഖനത്തിലാണ് തോമസ് ഐസക് ഈ വിലയിരുത്തല്‍ നടത്തിയത്.
ഇടതുഭരണത്തിന്റെ ചില രീതികളോടുണ്ടായ അതൃപ്‌തിയും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു. സംസ്‌ഥാനജനസംഖ്യയില്‍ പകുതിയോളമുള്ള ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇപ്പോഴും പാര്‍ട്ടിക്കു സ്വാധീനമുണ്ടാക്കാനായിട്ടില്ല.
മുസ്ലിം ജനവിഭാഗങ്ങളില്‍നിന്നു യു.ഡി.എഫിന് 60.8% വോട്ട് ലഭിച്ചപ്പോള്‍ എല്‍.ഡി.എഫിനു കിട്ടിയത് 31% മാത്രമാണ്. ക്രിസ്‌ത്യന്‍ വിഭാഗത്തില്‍നിന്ന് എല്‍.ഡി.എഫിനു കിട്ടിയത് 29.5% വോട്ടാണ്. യു.ഡി.എഫിന് 63.38 ശതമാനവും. ക്രൈസ്‌തവസഭകള്‍ പൊതുവില്‍ ഇടതുമുന്നണിയോട് സൗഹാര്‍ദപരമായ സമീപനമാണ് സ്വീകരിച്ചുവന്നതെങ്കിലും കമ്യൂണിസ്‌റ്റുകാര്‍ തുടര്‍ച്ചയായി മൂന്നാം തവണയും കേരളം ഭരിക്കുന്നതിനോട് അവര്‍ക്കു യോജിപ്പില്ലായിരുന്നു. ഒരുതവണകൂടി ഭരണത്തിനു പുറത്തുനിന്നാല്‍ കോണ്‍ഗ്രസ് തകരുമെന്ന് ന്യൂനപക്ഷങ്ങള്‍ ഭയപ്പെട്ടു. ആ അവസ്‌ഥ ഒഴിവാക്കാന്‍ എല്‍.ഡി.എഫിനെതിരേ വോട്ട് ചെയ്യണമെന്ന പ്രചാരണം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
വലതുപക്ഷ ഏകീകരണം വേണ്ടവിധത്തില്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതില്‍ ഇടതുപക്ഷത്തിനു പോരായ്‌മ സംഭവിച്ചു. രാഹുല്‍ ഗാന്ധി മുതല്‍ മുഴുവന്‍ യു.ഡി.എഫ്. നേതാക്കളും പ്രചരിപ്പിച്ചത് സി.പി.എം-ബി.ജെ.പി. ഡീല്‍ എന്നാണ്. ഇടതുപക്ഷത്തിനു ശക്‌തമായ മതനിരപേക്ഷ പാരമ്പര്യമുണ്ടായിരുന്നിട്ടും ഇത്തരം വ്യാജപ്രചാരണം ഏശിയത് എന്തുകൊണ്ടാണെന്നു പാര്‍ട്ടി പരിശോധിക്കണം. ഇത്തരം പ്രചാരണങ്ങള്‍ക്കു സഹായകമായ ചില വീഴ്‌ചകള്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടായി.
പാര്‍ട്ടിയുടെ അടിത്തറയായ പാവപ്പെട്ട സാമൂഹികവര്‍ഗങ്ങളിലുണ്ടായ അതൃപ്‌തിയും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു. 2026-ലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പാര്‍ട്ടിയുടെ സ്വാധീനം ഇടിഞ്ഞുവെന്ന് തെളിയിക്കുന്നതാണ്. അതിന് പ്രധാന കാരണം പാര്‍ട്ടി അടിത്തറയിലുണ്ടായ വോട്ട് ചോര്‍ച്ചയാണെന്നും ലേഖനത്തില്‍ പറയുന്നു.
ഷാലു മാത്യു






