ന്യൂഡല്‍ഹി: പാക്കിസ്ഥാന് സൈന്യത്തിലെ ബ്രിഗേഡിയര്‍ റാസ റിസ്വാനെ തൂക്കിക്കൊന്നു. ഒരു വിദേശ ഏജന്‍സിക്ക് രാജ്യരഹസ്യം ചോര്‍ത്തി കൊടുത്തുവെന്ന കേസിലാണ് ശിക്ഷ നടപ്പിലാക്കിയത്. റിസ്വാനും ഡോ. വസീം അക്രം എന്നയാള്‍ക്കും ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് വധശിക്ഷ വിധിച്ചത്.
രാജ്യരഹസ്യം ചോര്‍ത്തിയെന്ന മറ്റൊരു കേസിലെ മറ്റൊരു പ്രതി ലെഫ്. ജനറല്‍ ജാവേദ് ഇക്ബാലിന് ജീവപര്യന്തം ശിക്ഷയും വിധിച്ചിരുന്നു. റിസ്വാന്റെയും ഡോ. അക്രത്തിന്റെയും ശിക്ഷ ഇന്ന് നടപ്പിലാക്കുകയായിരുന്നു.
പാക്കിസ്ഥാന് ആര്‍മി ആക്ട് (പി.പി.എ) പ്രകാരമാണ് പ്രതികളെ കോര്‍ട്ട് മാര്‍ഷലിന് വിധേയരാക്കിയത്. പ്രതികളുടെ ശിക്ഷ നടപ്പിലാക്കിയതായി ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐ.എസ്.പി.ആര്) സ്ഥിരീകരിച്ചു. മറ്റ് കുടുതല്‍ വിശദാംശങ്ങള്‍ ഐ.പി.എസ്.ആര് പുറത്തുവിട്ടിട്ടില്ല.
രാജ്യരഹസ്യം ചോര്‍ത്തിയെന്ന കേസില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ ചാരപ്രവര്‍ത്തിയുടെ പേരില്‍ കോര്‍ട്ട് മാര്‍ഷല്‍ നടപടിക്ക് വിധേയരായിരുന്നെന്നും അവരുടെ ശിക്ഷ നടപ്പിലാക്കിയതായും ഐ.എസ്.പി.ആര് വ്യക്തമാക്കി.






