
കോഴിക്കോട്: കക്കോടി കൂടത്തുംപൊയിലില്‍ കാല്‍നടയാത്രക്കാരനായ ബാലകൃഷ്ണന്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ രണ്ടു വര്‍ഷത്തിനു ശേഷം നിര്‍ണായക വഴിത്തിരിവ്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ ഓടിച്ച ബൈക്ക് ഇടിച്ചാണ് ബാലകൃഷ്ണന്‍ മരിച്ചതെന്ന് പോലീസ് കണ്ടെത്തി. പ്രതികളായ വിദ്യാര്‍ത്ഥികളോട് ഹാജരാകാന്‍ നിര്‍ദേശിച്ച് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കോടതിയുടെ പ്രത്യേക അനുമതിയോടെ മാത്രമായിരിക്കും ചോദ്യം ചെയ്യലിനായി ഹാജരാക്കുക.
കേസുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം നല്‍കിയതിനും, അപകടത്തിനു ശേഷം തെളിവ് നശിപ്പിക്കാനായി വാഹനം രൂപമാറ്റം വരുത്തിയതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വാഹനം മോഡിഫൈ ചെയ്യാന്‍ സഹായിച്ച മറ്റ് നാല് പേരെക്കൂടി ഇനി കേസില്‍ കണ്ടെത്താനുണ്ട്. 2024 ജനുവരി 12-ന് രാത്രിയിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണന്‍ ജനുവരി 13-ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.
അപകടം നടന്ന സമയത്ത് പോലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നുവെങ്കിലും പ്രതികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ ഈ റിപ്പോര്‍ട്ട് തള്ളിയ കോടതി, കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ കൃത്യമായ അന്വേഷണത്തിലാണ് രണ്ടു വര്‍ഷത്തിനു ശേഷം ഒടുവില്‍ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോലീസിന് സാധിച്ചത്.






