
ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60ല്‍ നിന്ന് 58 വയസ്സായി കുറയ്ക്കാന്‍ ശിപാര്‍ശയില്ലെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. വിരമിക്കല്‍ പ്രായം കുറയ്ക്കണമെന്ന് നിര്ദേശിച്ചള്ള ഒരു ശിപാര്‍ശയും നിലവില്‍ ലഭിച്ചിട്ടില്ലെന്ന് പഴ്സണല്‍കാര്യ മന്ത്രി ജിതേന്ദ്ര സിംഗ് ലോക്സഭയില്എഴൂതി നല്കിയ മറുപടിയില്‍ പറയുന്നു.
ഫണ്ടമെന്റല്‍ റൂള്‍സ് 56(ജെ), സിവില്‍ സര്‍വീസ് പെന്ഷന് റൂള്‍സ് 1972ലെ ചട്ടം 48, അഖിലേന്ത്യ സര്‍വീസസ് ചട്ടം 16(3) റൂള്‍സ് 1958 എന്നിവ പ്രകാരം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്കാന് അധികാരമുണ്ട്. കഴിവുകേടും മറ്റു കാരണങ്ങളും ചൂണ്ടിക്കാട്ടി സര്‍ക്കാരിന് വിരമിക്കല്‍ നല്‍കാമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
അതിനിടെ, മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം പിന്‍വലിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. സവിശേഷ അധികാരം ഉപയോഗിച്ചാണ് പ്രധാനമന്ത്രി ശനിയാഴ്ച പുലര്‍ച്ചെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചത്. തിരുപ്പതി വിമാനത്താവളത്തിന്റെ സെറിമോറിണല് ലോഞ്ചിന്റെ നിര്‍മ്മാണത്തിനായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ 1800 ചതുരശ്ര മീറ്റര്‍ സ്ഥലം ആന്ധ്രാപ്രദേശ് എഡ്യുക്കേഷന്‍ ആന്റ് വെല്‍ഫെയര്‍ ഇന്‍ഫ്രാട്രക്ചര്‍ ഡെവലപ്മെന്റ് കോര്പറേഷന് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
ലഹരിമരുന്നുകളുടെ കള്ളക്കടത്ത് തടയുന്നതിന് ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഒപ്പുവച്ച ധാരണപത്രത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. ഫഡ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ മൂലധന ഓഹരി 3500 കോടി രൂപയില്‍ നിന്നും 10,000 കോടി രൂപയായി ഉയര്‍ത്താനും തീരുമാനമായി.






