
സ്വന്തം കുഞ്ഞിനെ നഷ്ടമായിട്ടും ഒരുപാട് കുഞ്ഞുങ്ങള്‍ക്ക് ജീവന് നിലനിര്‍ത്താനുള്ള മുലപ്പാല്‍ ദാനം ചെയ്യുന്ന ഒരു അമ്മയുടെ കഥയാണ് ആരുടെയും കണ്ണുകളെ ഈറനാക്കുന്നത്. സൈറ സ്ട്രാങ്ഫെല്ഡ് എന്ന അമ്മയാണ് മറ്റു കുഞ്ഞുങ്ങള്‍ക്ക് തന്റെ മുലപ്പാല്‍ ദാനം ചെയ്യുന്നത്. രണ്ടാമതും ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ സൈറയും ഭര്‍ത്താവും ഏറെ സന്തോഷിച്ചു. തന്റെ ഈ കുഞ്ഞിന് മുലയൂട്ടാം എന്ന സന്തോഷമായിരുന്നു ഇവര്‍ക്ക്.
കാരണം ആദ്യത്തെ കുട്ടി നാക്ക് കെട്ടുപിണഞ്ഞ നിലയിലാണ് ജനിച്ചത്. 18 മാസമായപ്പോഴാണ് കുഞ്ഞിന്റെ നാക്കില്‍ ശസ്ത്രക്രിയ നടത്തി. രണ്ടാമതൊരു കുഞ്ഞു കൂടി ജനിക്കുമ്പോള്‍ ആ കുഞ്ഞിനെങ്കിലും മുലയൂട്ടാമെന്നാണ് സൈറ സന്തോഷിച്ചത്. എന്നാല്‍ 20 ആഴ്ചയായപ്പോള് കുഞ്ഞിന് ജനിതക വൈകല്യമുണ്ടെന്ന് തിരിച്ചറിഞ്ഞു. ഗര്‍ഭഛിദ്രം ചെയ്യാതെ സൈറ കുഞ്ഞിനെ പ്രസവിച്ചു. എന്നാല്‍ ജനിച്ച് കുറച്ച് മണിക്കൂറുകള്‍ മാത്രമാണ് സാമുവല്‍ ലീ എന്ന് പേരിട്ട കുഞ്ഞ് ജീവിച്ചിരുന്നത്. കുഞ്ഞ് മരിച്ചതോടെ മാസം തികയാതെ ജനിച്ച മറ്റ് കുഞ്ഞുങ്ങള്‍ക്കായി മുലപ്പാല്‍ ദാനം ചെയ്യാന്‍ സൈറ തയാറാകുകയായിരുന്നു.
'' ഞാനവനെ മാറോട് ചേര്‍ത്ത് പിടിക്കുകയായിരുന്നു. ആ നിമിഷം അവന്റെ ഹൃദയമിടിപ്പും ശ്വാസോച്ഛാസവും ക്രമാതീതമായി ഉയരുകയായിരുന്നു. അമ്മയുടെ കൈകളിലാണ് ഉള്ളതെന്ന് അവന് അറിഞ്ഞിരിക്കണം. ഏതാനും മണിക്കൂറുകള്‍ മാത്രമേ ഞങ്ങള്ക്കെന്റെ കണ്മണിയെ ജീവനോടെ കാണാന്‍ സാധിച്ചുള്ളൂ. കൊഞ്ചിക്കാനായില്ല, അവന്റെ മുഖം പോലും നേരാം വണ്ണം ദര്‍ശിക്കാനായില്ല. എന്തിനേറെ എന്റെ കണ്മണിയെ ഒന്നു പാലൂട്ടാന്‍ പോലും വിധി എന്നെ അനുവദിച്ചില്ല. എങ്കിലും എന്റെ മുലപ്പാല്‍ മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങളുടെ ജീവന് പിടിച്ചു നിര്‍ത്താന്‍ കാരണമാകട്ടെ. അപരിചിതരായ ഒരുപാട് മക്കള്‍ക്കാണ് ഞാന്‍ മുലയൂട്ടുന്നത്. ഇതൊക്കെ എന്റെ സാമുവല്‍ കാണുന്നുണ്ടാകും.'' - സൈറ സ്ട്രാങ്ഫെല്ഡ് ഫെയ്സ്ബുക്കില്‍ കുറിച്ചു.






