
കാസര്‍ഗോഡ്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നൃത്ത ഇനങ്ങളില്‍ വിധി കര്‍ത്താക്കളുടെ വിധി നിര്‍ണയം വിലപേശിയുറപ്പിച്ച്. പല സ്കൂളുകള്‍ക്കും 'എ' ഗ്രേഡ് നല്‍കാനായി വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥരടങ്ങുന്ന സംഘം ലക്ഷങ്ങള്‍ വാങ്ങിയതായി വിവരം.
വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇക്കുറിയും കലോത്സവത്തില്‍ കോഴയിടപാട് വ്യാപകം. സംഘ നൃത്തമുള്പ്പടെയുള്ള നൃത്തമത്സരങ്ങളിലെ ഗ്ലാമര്‍ ഇനങ്ങളില്‍ ചില മത്സരാര്‍ഥികള്‍ക്കും ടീമിനും 'എ' ഗ്രേഡ് പറഞ്ഞുറപ്പിക്കുകയാണന്നുള്ളതിന്റെ നിര്‍ണായക വിവരങ്ങള്‍ മംഗളത്തിനു ലഭിച്ചു. ശബ്ദ സംഭാഷണമുള്പ്പടെയുള്ള രേഖകളാണ് ലഭിച്ചത്. കലോത്സവത്തിനു മുന്‍പ് ഇവര്‍ കോഴിക്കോട് യോഗം ചേര്‍ന്നാണ് പണം വാങ്ങിയത്.
വിധി കര്‍ത്താക്കളുടെ പാനല്‍ ചോര്‍ത്തി ഇവരില്‍ ചിലരെ സ്വാധീനിക്കുകയായിരുന്നുവെന്നാണ് സൂചന. ജില്ലാ സ്കൂള്‍ കലോത്സവങ്ങളിലുള്പ്പടെ തട്ടിപ്പുകള്‍ നടന്നിട്ടുള്ളതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തിലും തട്ടിപ്പ് സംബന്ധിച്ച് ആരോപണം ഉയരുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് വിധികര്ത്താക്കളിലൊരാളുടെ സംഭാഷണമാണ് മംഗളത്തിനു ലഭിച്ചത്. സൃഹുത്തിനോട് സംസാരിക്കുന്ന വിവരമാണ് ചോര്‍ന്ന് കിട്ടിയത്.
ജില്ലാകലോത്സവത്തില്‍ വിധികര്‍ത്താവായി പോയാല്‍ 6000 രൂപയാണ് നല്‍കുന്നത്. എന്നാല്‍ ഈ ലോബി പറയുന്ന കുട്ടിക്ക് എഗ്രേഡ് നല്കിയാല് ഇതിന്റെ ഇരട്ടി ലഭിക്കും. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഇതു പതിന്മടങ്ങാവും. തട്ടിപ്പിനു കൂട്ടു നില്‍ക്കാത്ത വിധികര്‍ത്താക്കളെ മടക്കി വിട്ടതായും സംഭാഷണത്തിലുണ്ട്. കോഴിക്കോട് നടന്ന മീ്റ്റിങ്ങില് പണം നല്കിയ സ്കൂളുകളെ തിരിച്ചറിയാന്‍ കുട്ടികള്‍ ഉപയോഗിക്കുന്ന വസ്ത്രം കൊണ്ട് കാണിച്ചതായും സംഭാഷണത്തില്‍ പരാമര്‍ശമുണ്ട്.
ഈ സംഭാഷണം സംബന്ധിച്ച് നടന്ന അന്വേഷണത്തില്‍ വിവിധ ജില്ലകളില ആളുകള്‍ ഇവര്‍ക്കു പണം നല്‍കിയതായി സൂചനയുണ്ട്. തിരുവനന്തപുരം, കോഴിക്കോടുമുള്ള സംഘമാണ് ഇത്തരത്തില്‍ ഗ്രേഡ് പറഞ്ഞു ഉറപ്പിച്ച് തട്ടിപ്പ് നടത്തുന്നത്. വിധി കര്‍ത്താക്കളുടെ വിവരങ്ങള്‍ അതീവ രഹസ്യമാക്കിവയ്ക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഇതു ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോര്‍ത്തിയശേഷം. പിന്നീട് വിധികര്‍ത്താക്കളെ സ്വാധീനിക്കും. തുടര്‍ന്ന് ചില നൃത്ത അധ്യാപകരുടെ സഹായത്തോടെ രക്ഷിതാക്കളുടെ കൈയില്‍ നിന്ന് ഗ്രേഡ് വാഗ്ദാനം ചെയ്തു പണം തട്ടുകയാണ് ചെയ്യുന്നത്.
കലോത്സവത്തില്‍ തട്ടിപ്പു നടക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കലോത്സവ വേദിയില്‍ വിജിലന്‍സ് നിരീക്ഷണം കര്‍ശനമാണ്. എന്നാല്‍ ഈ നിരീക്ഷണം അപ്രസക്തമാക്കുന്ന തരത്തിലാണ് കോഴ ഇടപാടുകള്‍.






