
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റില്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്രചെയ്യുന്നവര്‍ക്കും കാറില്‍ സീറ്റ്ബെല്‍റ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രികര്‍ക്കും ഇന്നു മുതല്‍ ഉപദേശമില്ല, പകരം പിഴ അടയ്ക്കേണ്ടിവരും. ഇന്നലെ മുതല്‍ ഹെല്‍മെറ്റും സീറ്റ്ബെല്‍റ്റും നിര്‍ബന്ധമാക്കിയിരുന്നെങ്കിലും ആദ്യ ദിനമായതിനാല്‍ ഇന്നലെ പിഴ ഈടാക്കിയിരുന്നില്ല. പകരം, പോലീസും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരും ബോധവല്‍ക്കരണം നടത്തി. എന്നാല്‍, ഇന്നു മുതല്‍ ഈ ഇളവ് ലഭിക്കില്ല.
ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കു പിഴ ചുമത്താന്‍ സംസ്ഥാനത്തെ 85 എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ക്കും ഗതാഗത കമ്മിഷണര്‍ നിര്‍ദേശം നല്കി. 240 നിരീക്ഷണ ക്യാമറകള്‍ വഴിയും നിയമലംഘകരെ കണ്ടെത്തും. ഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റില്‍ യാത്രചെയ്യുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഹെല്‍മെറ്റ് ധരിക്കണം. രണ്ടുപേരും ഹെല്‍മെറ്റ് ധരിച്ചിട്ടില്ലെങ്കില്‍ ഇരട്ടപ്പിഴ ഈടാക്കുമെന്ന് മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. വാഹന ഉടമയില്‍നിന്നാണു പിഴ ഈടാക്കുക. ആദ്യ തവണ 500 രൂപ പിഴ ഈടാക്കും.
തെറ്റ് ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. തുടര്‍ന്നാല്‍ െലെസന്‍സ് സസ്പെന്‍ഡ് ചെയ്യും. പിഴത്തുക അടച്ചില്ലെങ്കിലും വാഹന ഉടമയ്ക്കെതിരേ നടപടി ഉണ്ടാകും. നാലു വയസിനു മുകളിലുള്ള ഇരുചക്രവാഹന യാത്രക്കാര്‍ ബി.ഐ.എസ്. അംഗീകൃത ഹെല്‍മെറ്റ് ധരിക്കണമെന്നാണു നിര്‍ദേശം. ഗതാഗത കമ്മിഷണര്‍ക്കും ഡി.ജി.പിക്കും ജില്ലാ കലക്ടര്‍മാര്‍ക്കും ആര്.ടി.ഒമാര്‍ക്കും കഴിഞ്ഞയാഴ്ച ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇതുസംബന്ധിച്ച് കത്തയച്ചിരുന്നു. ഹെല്‍മെറ്റ്, സീറ്റ്ബെല്‍റ്റ് പരിശോധന ഇന്നുമുതല്‍ കര്‍ശനമാക്കാനാണു പോലീസിന്റെയും ഗതാഗതവകുപ്പിന്റെയും തീരുമാനം.






