
തിരുവനന്തപുരം : വീട്ടില്‍ ഇനി വൈന്‍ ഉണ്ടാക്കിയാല്‍ ജാമ്യമില്ലാതെ അകത്താകുമെന്ന് എക്സൈസ്. ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് എക്സൈസിന്റെ മുന്നറിയിപ്പ് എത്തിയിരിക്കുന്നത്. 'ഹോം മെയ്ഡ് വൈന്‍ വില്‍പ്പനയ്ക്ക്' എന്ന് സമൂഹമാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നതും എക്സൈസ് നിരീക്ഷിക്കുന്നുണ്ട്.
മദ്യക്കടത്തും വ്യജവാറ്റും തടയാന്‍ പ്രത്യേക സംഘങ്ങള്‍ക്ക് രൂപം നല്കി നടപടികള്‍ കര്‍ശനമാക്കി. ഇതുവരെ പറഞ്ഞതെല്ലാം ആഘോഷ അവസരങ്ങളില്‍ എക്സൈസ് സ്വീകരിക്കുന്ന ഏറെക്കുറെ പതിവ് മുന്‍കരുതലാണെങ്കില്‍ ഇതുവരെ പറയേണ്ടി വന്നിട്ടില്ലാത്ത മറ്റൊന്ന് ഈ പുതിയ സര്‍ക്കുലറിലുണ്ട്. വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നതിനെ കുറിച്ചാണ് അത്. ക്രിസ്തുമസ് കാലത്ത് വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് കുറ്റകരമാണെന്നും എക്സൈസ് സര്‍ക്കുലറില്‍ പറയുന്നു. അബ്കാരി നിയമപ്രകാരം ജാമ്യം കിട്ടാത്ത കുറ്റമാണ് അതെന്നും എക്സൈസ് ഓര്‍മ്മിപ്പിക്കുന്നു.
വൈന്‍ ഉണ്ടാക്കുന്ന വീഡിയോകള്‍ യുട്യൂബ് വഴി പ്രചരിപ്പിച്ച് വരുമാനം ഉണ്ടാക്കുന്നവരും സജീവമാകുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ഇപ്പോഴത്തെ ഈ മുന്നറിയിപ്പ് സര്‍ക്കുലര്‍.
സര്‍ക്കുലര്‍ ഇറങ്ങിയതിന് പിന്നാലെ ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരം വേളിയില്‍ വൈനും വൈന്‍ ഉണ്ടാക്കാനായി പുളിപ്പിച്ച പഴങ്ങളും എക്സൈസ് പിടികൂടി. വീട്ടിലെ താമസക്കാരനായ യുവാവിനെ ജാമ്യം കിട്ടാതെ റിമാന്റിലാക്കിയിട്ടുമുണ്ട്.






