
മേട്ടുപ്പാളയം: തമിഴ്നാട്ടില്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ വീടിന് മേലേയ്ക്ക് മതിലിടിഞ്ഞു വീണ് 17 പേര് മരിച്ച സംഭവം വിവാദമാകുന്നു. ഇടിഞ്ഞു വീണത് ജാതി മതിലാണെന്നും ജാതിവെറിയില്‍ ദളിത് കോളനി കാണാതിരിക്കാന്‍ തൊട്ടപ്പുറത്തുള്ള സവര്‍ണ്ണ വിഭാഗത്തില്‍ പെടുന്ന തുണി വ്യവസായി ഉയര്‍ത്തിക്കെട്ടിയ മതിലാണെന്നതും വിവാദം കൂട്ടുന്നു. 17 പേരുടെയും ചിത ഒരുമിച്ച് കത്തിയെരിയുന്ന ചിത്രം പങ്കുവെച്ച് ദളിത് പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയാണ്.
തൊട്ടപ്പുറത്ത് സ്ഥിതി ചെയ്യുന്ന ദളിത് കോളനിയിലെ മൂന്ന് വീടുകള്‍ക്ക് മുകളിലേക്കായിരുന്നു മതിലിടിഞ്ഞു വീണത്. കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് മരണമടഞ്ഞത്. ദളിത് കോളനിയെ വേര്‍തിരിച്ച് എട്ട് അടി ഉയരത്തില്‍ കെട്ടിയ മതില് തന്റെ വസ്തുവില്‍ ദളിതര്‍ പ്രവേശിക്കാതിരിക്കാന്‍ കൂടുതല്‍ ഉയര്‍ത്തി കെട്ടിയതാണ് അപകടകാരണം. കോളനിയിലെ ആള്‍ക്കാരുടെ എതിര്‍പ്പിനെ മറികടന്നും മതിയായ സര്‍ക്കാര്‍ അനുമതി കൂടാതെയും 20 അടിയാക്കി ഉയര്‍ത്തി കെട്ടുകയും ചെയ്തു.
കോയമ്പത്തൂര്‍ ജില്ലയിലെ നാടൂര്‍ ഗ്രാമത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം നടന്നത്. നാട്ടുകാരെ വിളിച്ച് ദുരന്തവിവരം ആദ്യം പുറത്തു വിട്ടത് 100 മീറ്റര്‍ അകലെ താമസിക്കുന്ന 21 കാരി ദിവ്യയായിരുന്നു. ഞായറാഴ്ച പെയ്ത കനത്ത മഴയില്‍ സ്വന്തം വീടിന് എന്തെങ്കിലൂം പറ്റിയോ എന്നറിയാനായിരുന്നു ദിവ്യയുടെ വരവ്. എന്നാല്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. ഞായറാഴ്ച രാത്രിയില്‍ മൂന്ന് വീടുകള്‍ക്ക് മുകളിലേക്ക് വലിയ കരിങ്കല്ല് ഉള്‍പ്പെടെയുള്ളവ ഇടിഞ്ഞു വീഴുകയായിരുന്നു.
അവശിഷ്ടങ്ങള്‍ക്കിടയില്‍ തന്റെ അഞ്ചു കുടുംബാംഗങ്ങളെ ദിവ്യ കണ്ടെത്തി. മറ്റ് 12 പേര്‍ക്കൊപ്പം ഇവരുടെയും മൃതദേഹങ്ങള്‍ മണ്ണില്‍ മൂടിപ്പോയിരുന്നു. കണ്ണപ്പന് നഗറിലെ ഈ കോളനിയില്‍ ഓടിട്ട ചെറിയ വീടുകളില്‍ താമസിക്കുന്ന 300 ദളിതരില്‍ ഒരാളാണ് ദിവ്യയും. എല്ലാ കാലവര്‍ഷത്തിലും ഈ വീടുകള്‍ക്ക് പ്രശ്നമുണ്ടാകാറുണ്ട്. മേല്‍ക്കൂര ചോരുക, വെള്ളപ്പൊക്കം എല്ലാം പതിവാണ്. എന്നാല്‍ ഇതിനേക്കാളെല്ലാം അവര്‍ ഭയന്നിരുന്നത് തൊട്ടപ്പുറത്തെ കൂറ്റന്‍ മതിലിനെ തന്നെയായിരുന്നു.
എട്ടു വര്‍ഷം മുമ്പാണ് ശിവ സുബ്രഹ്മണ്യന് ഈ മതില് കെട്ടിയുയര്ത്തിയത്്. എട്ടടി മാത്രം ഉയരത്തില്‍ ആദ്യം കെട്ടിയ മതില് ദളിത് സമൂഹത്തിന്റെ എതിര്‍പ്പ് മറകടന്നായിരുന്നു 20 അടിയാക്കി ഉയര്‍ത്തിയത്്. ഇത്രയും വലിയ മതില് ശിവ സുബ്രഹ്മണ്യത്തിന്റെ വീടിന് മുന്നില്‍ പോലുമില്ല. പിന്നില്‍ ദളിതരായത് കൊണ്ടാണ് അവരുടെ പ്രതിഷേധം പോലും അവഗണിച്ച് പടുകൂറ്റന്‍ മതില് ഇയാള്‍ വീടിന് പിന്‍ഭാഗത്ത് കെട്ടിഉയര്‍ത്താന്‍ കാരണം. ഇത് തൊട്ടുകൂടായ്മയുടെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് ദളിതുകള്‍ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ആദ്യം ഉയര്‍ന്ന പ്രതിഷേധത്തിന്റെ ശബ്ദങ്ങളില്‍ അത്രയും ഇത് ദളിതര്‍ക്ക് മേല്‍ കെട്ടിപ്പൊക്കിയ ജാതിമതില്‍ എന്ന നിലയിലായിരുന്നു. തന്റെ പറമ്പില്‍ ഒരു ദളിതരും ഒരു തരത്തിലും കയറരുത് എന്ന ഉദ്ദേശത്തിലാണ് ഇയാള്‍ ഇത്രയും ഉയരത്തില്‍ മതില് കെട്ടിയതെന്നും ഇവര്‍ ആരോപിക്കുന്നു. അന്നന്ന് ജീവിച്ചുപോകാന്‍ കഷ്ടപ്പെടുന്ന തങ്ങള്‍ മതില് ചാടി മോഷണം നടത്തുമെന്ന് പേടിച്ചാണ് ഇത്രയൂം ഉയര്‍ത്തി മതില് കെട്ടിയതെന്നും അവര്‍ പറഞ്ഞു.
ജാതി വിവേചനത്തിന്റെ ഉരുക്കുമുഷ്ടിയായിട്ടാണ് പലരും മതിലിനെ വിലയിരുത്തിയത്. പൂര്‍ണ്ണമായും കരിങ്കല്ലിനാല്‍ നിര്‍മ്മിച്ച മതില് നിര്‍മ്മിക്കാന്‍ മുനിസിപ്പാലിറ്റിയില്‍ നിന്നും അനുമതി പോലും വാങ്ങിയിരുന്നില്ല. സംഭവത്തില്‍ മരണമടഞ്ഞവരെല്ലാം ദളിതരാണ്. ഈ മതില് കാരണം തങ്ങള്‍ ഏറെ കഷ്ടപ്പെടുകയായിരുന്നെന്ന് കോളനിവാസികള്‍ പറയുന്നു. സെന്‍ട്രല്‍ ജയിലില്‍ പോലും ഇത്രയൂം ഉയരത്തില്‍ മതില് ഉണ്ടാകാറില്ലെന്നും ഇവര്‍ പറയുന്നു. സംഭവം വലിയ പ്രതിഷേധത്തിനും കാരണമായിരിക്കുകയകാണ്.
ദുരന്തത്തിന് കാരണം 'ജാതി മതില്' ആണെന്ന് ജാതിവിരുദ്ധ പ്രസ്ഥാനങ്ങളും അധസ്ഥിതരെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും ആരോപിച്ചു. ശിവ സുബ്രഹ്മണ്യത്തിനെതിരേ ദളിത് പീഡന നിരോധന നിയമം വെച്ച് കേസെടുക്കണം എന്നാവശ്യപ്പെട്ടിരിക്കുകയാണ് ഇവര്‍.
ജാതി മതിലുകള്‍ വ്യാപകമായ തമിഴ്നാട്ടില്‍ ദളിതരെ ക്ഷേത്രങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താനും റോഡുകളിലേക്കും നടപ്പാതകളിലേക്കും പ്രവേശനം നിഷേധിക്കാനും അവശ്യസേവനങ്ങള്‍ അപ്രാപ്യമാക്കാനും ജാതിമതില്‍ കെട്ടുന്നത് പതിവാണ്. ഗ്രാമത്തിലെ 17 പേരുടെ മരണത്തിനിടയാക്കിയ സംഭവം തൊട്ടുകൂടായ്മയാണെന്ന് കാണിച്ച് പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ആവശ്യപ്പെട്ട് ദളിത് പ്രവര്‍ത്തകര്‍ സാമൂഹ്യ നീതി മന്ത്രാലയത്തിനും കത്തെഴുതിയിട്ടുണ്ട്. വിവേചനത്തിനെതിരേ ഇരകളും ആക്ടിവിസ്റ്റുകളും നടത്തിയ പ്രതിഷേധം പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതായി ലോക്സഭാ എംപിയും വിസികെ നേതാവുമായ ഡി രവികുമാര്‍ എഴുതിയ കത്തില്‍ പറയുന്നു.
ജാതി മതില് വിഷയം മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അത് സ്വകാര്യ വ്യക്തിയുടെ വസ്തുവാണെന്നും തങ്ങള്‍ക്ക് ഒന്നും പറയാന്‍ കഴിയില്ലെന്നുമായിരുന്നു മറുപടി. ഇരകളുടെ കുടുംബാംഗങ്ങളെ തമിഴ്നാട് മുഖ്യമന്ത്രി എടപ്പള്ളി പഴനി സ്വാമി സന്ദര്‍ശിച്ച വേളയില്‍ ജാതിവിവേചനമല്ലേ കാരണമെന്ന ചോദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. ഡിഎംകെ നേതാവ് സ്റ്റാലിനും മേട്ടുപ്പാളയത്ത് എത്തി. എന്നാല്‍ ഇരകളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം കൂട്ടല്‍, സര്‍ക്കാര്‍ജോലി, പുതിയ വീട് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കുക മാത്രമാണ് ചെയ്തത്. പ്രതിഷേധക്കാരെ തല്ലിച്ചതച്ച പോലീസിനെതിരേ നടപടിയും ആവശ്യപ്പെടുകയാണ് ചെയ്തത്.






