
തിരുവനന്തപുരം: കാഴ്ചയുടെ പൂരമായ കേരളാ രാജ്യാന്തര ചലചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. തുര്‍ക്കി ചിത്രമായ പാസ്ഡ് ബൈ സെന്‍സര്‍ ആയിരുന്നു മേളയിലെ ഉദഘാടന ചിത്രം. മേളയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് അനന്തപുരിയില്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ഇനി ഏഴ് നാള് തലസ്ഥാന നഗരി സിനിമയുടേതായി മാത്രമായി മാറും.
വൈകിട്ട് ആറ് മണിയോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചതെങ്കിലും രാവിലെ മുതല്‍ തന്നെ പ്രദര്‍ശം ആരംഭിച്ചിരുന്നു. 13ന് അവസാനിക്കുന്ന മേളയില്‍ 73 രാജ്യങ്ങളില്‍ നിന്നുമായി 186 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ 53 എണ്ണം രാജ്യത്ത് പ്രദര്‍ശിപ്പിക്കുന്നത് തന്നെ ആദ്യമായാണ്. 16 ചിത്രങ്ങളാണ് ആദ്യ ദിവസം മാത്രം പ്രദര്‍ശിപ്പിച്ചത്.
നടി ശാരദ ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു. ശാരദ അഭിനയിച്ച സ്വയംവരം മേളയുടെ റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അര്‍ജന്റീനിയന്‍ സംവിധായകനായ ഫെര്‍ണാണ്ടോ സൊളാനസ് ലൈഫ് ടൈം അച്ചീവ്മെന്റ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ചലചിത്ര അക്കാദമി ചെയര്മാന് കമല്‍, മന്ത്രിമാരായ എകെ ബാലന്, കടകംപള്ളി സുരേന്ദ്രന്, എംഎല്‍എ വികെ പ്രശാന്ത് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.






