പനജി: ബലാത്സംഗ, കൊലപാതക കേസുകളിലെ പ്രതികളെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന് ഗോവ മന്ത്രി. ഇതിനായി ഇന്ത്യന്‍ ശിക്ഷാ നിയമം ഭേദഗതി ചെയ്യണമെന്നും ഗോവ മന്ത്രി മൈക്കിള്‍ ലോബോ ആവശ്യപ്പെട്ടു. കൊലപാതക, പീഡനക്കേസിലെ പ്രതികള്‍ക്ക് പരസ്യമായ വധശിക്ഷ ഉറപ്പാക്കാന്‍ ഐ.പി.സി പാര്‍ലമെന്റ് ഭേദഗതി ചെയ്യണം. ഇത്തരം കേസുകളില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഫാസ്്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കണമെന്നും ലോബോ ആവശ്യപ്പെട്ടു.
ബലാത്സംഗം, കൊലപാതകം തുടങ്ങിയ കേസുകളില്‍ വിചാരണയും വധശിക്ഷയും പരമാവധി അഞ്ച് മാസത്തില്‍ കൂടുതല്‍ നീളരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെ ചിലയിടങ്ങളില്‍ അതിവേഗ വിചാരണകള്‍ നടന്നിരുന്നു. ഇപ്പോള്‍ അന്താരാഷ്ട്ര തലത്തിലും ഉത്തരത്തില്‍ വേഗത്തില്‍ നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ഈ രീതി തിരികെ കൊണ്ടുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പ്രതികള്‍ക്ക് പരസ്യമായ വധശിക്ഷ നല്‍കുന്നത് ക്രിമിനലുകള്‍ക്കും അത്തരം മനോനില ഉള്ളവര്‍ക്കും ശക്തമായ സന്ദേശം നല്കാന് സഹായകമാണ്. നിയമത്തിന് തങ്ങളെ ഒന്നും ചെയ്യാനാകില്ലെന്ന് ചിന്തിക്കുന്ന ഇത്തരം ആളുകള്‍ക്ക് രാജ്യവ്യാപകമായി സന്ദേശം നല്കാന് ഇത് ഉപകരിക്കും. ബലാത്സംഗ, കൊലപാതക കേസുകളിലെ പ്രതികളെ ഇപ്പോള്‍ സര്‍ക്കാര്‍ ചെലവില്‍ തീറ്റിപ്പോറ്റുകയാണെന്നും ശിക്ഷ നടപ്പിലാക്കുന്നതിന് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.






