ഉന്നാവ് കേസ്: നിയമസഭയ്ക്കു മുന്നില്‍ അഖിലേഷിന്റെ സത്യാഗ്രഹം; പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് പ്രിയങ്ക; മന്ത്രിമാരെ അയച്ച് സ്ഥിതി ശാന്തമാക്കാന്‍ മുഖ്യമന്ത്രിയുടെ ശ്രമം
ഉന്നാവ് കേസ്: നിയമസഭയ്ക്കു മുന്നില്‍ അഖിലേഷിന്റെ സത്യാഗ്രഹം; പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് പ്രിയങ്ക; മന്ത്രിമാരെ അയച്ച് സ്ഥിതി ശാന്തമാക്കാന്‍ മുഖ്യമന്ത്രിയുടെ ശ്രമം
Authored by Web Desk | Last updated: 07 Dec 2019, 3:13 PM | 2 min read
ലക്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ ചുട്ടുകൊന്ന സംഭവം വലിയ പ്രക്ഷോഭത്തിലേക്ക്. പ്രതിഷേധവുമായി കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ തെരുവിലിറങ്ങുന്നു. മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായി അഖിലേഷ് യാദവും മറ്റ് നേതാക്കളും നിയമസഭയ്ക്കു മുന്നില്‍ സത്യാഗ്രഹമിരിക്കുകയാണ്. പെണ്‍കുട്ടിയുടെ കുടുംബത്തെ നേരില്‍ കണ്ട് ആശ്വസിപ്പിക്കന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വീട്ടിലെത്തി. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നീക്കവുമുണ്ടാകുന്നില്ലെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം.
അതിനിടെ, ജനരോഷം തണുപ്പിക്കാന്‍ രണ്ട് മന്ത്രിമാരെ ഉന്നാവിലേക്ക് അയച്ചിരിക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മരണത്തില്‍ ദുഃഖം പ്രകടിപ്പിച്ച മുഖ്യമന്ത്രി വിചാരണയ്ക്ക് അതിവേഗ കോടതി സ്ഥാപിക്കുമെന്നും വ്യക്തമാക്കി.
ഇത്രയും ദാരുണമായ സംഭവം നടന്നിട്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയോ ആഭ്യന്തര സെക്രട്ടറിയോ പോലീസ് മേധാവിയോ ഇതുവരെ രാജിവച്ചിട്ടില്ല. ഇവിടെ നീതി നടപ്പാവില്ല. എല്ലാ ജില്ലകളിലും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അനുശോചന യോഗങ്ങള്‍ നടക്കുമെന്ന അഖിലേഷ് യാദവ് അറിയിച്ചു.
ഇത് അങ്ങേയറ്റം അപലപനീയമായ സംഭവമാണ്. ഇതൊരു കറുത്ത ദിനമാണ്. ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് നടക്കുന്ന ആദ്യ സംഭവമല്ലിത്. കുറ്റവാളികളെ ശിക്ഷിക്കുമെന്ന് എല്ലാ നിയമസഭാ സമ്മേളനത്തിലും മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നു. എന്നാല്‍ ഒരു മകളുടെ ജീവന് രക്ഷിക്കാന്‍ പോലും അവര്‍ക്ക് കഴിയുന്നില്ല -അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു. ഉന്നാവ് ജില്ലയില്‍ ജൂലായില്‍ മറ്റൊരു കൂട്ടബലാത്സംഗ കേസിലെ ഇരയ്്ക്കു നേരെയുണ്ടായ അതിക്രമം കണ്ടിട്ടും ഈ പെണ്‍കുട്ടിക്ക് സുരക്ഷ ഏര്‍പ്പെടുത്താന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നടപടിയെ പ്രിയങ്ക വിമര്‍ശിച്ചു. ക്രിമിനലുകള്‍ക്ക് സംസ്ഥാനത്ത് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ സംസ്ഥാനം ക്രിമിനലുകളുടേതാക്കി അദ്ദേഹം മാറ്റി. സ്ത്രീകള്‍ക്ക് ഇടമില്ലാത്ത നാടായി യു.പി മാറിയെന്നും പ്രിയങ്ക വിമര്‍ശിച്ചു.
കഴിഞ്ഞ ഒരു വര്‍ഷമായി പെണ്‍കുട്ടിയുടെ കുടുംബം മുഴുവന്‍ ഭീഷണി നേരിടുകയാണ്. പ്രതികള്‍ക്ക് ബി.ജെ.പി ബന്ധമുണ്ടെന്നും കേള്‍ക്കുന്നു. അതുകൊണ്ടായിരിക്കാം അവര്‍ സംരക്ഷിക്കപ്പെടുന്നത്. ഈ സംസ്ഥാനത്ത ക്രിമിനലുകള്‍ ഭയമില്ലാതെ കഴിയുകയാണ്.- അവര്‍ പറഞ്ഞു.
നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഒപ്പമുണ്ടാകുമെന്ന് പ്രിയങ്ക ഉറപ്പുനല്‍കിയതായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദര ഭാര്യ പ്രതികരിച്ചു. പ്രതികള്‍ക്ക് വധശിക്ഷയല്ലാതെ മറ്റൊന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല. അവര്‍ മരിച്ചാലെ അവളുടെ ആത്മാവിന് ശാന്തി കിട്ടൂ.-അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ബി.എസ്.പി നേതാവ് മായാവതി രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ കണ്ടു.
അതിനിടെ, സഫ്ദര്‍ജംഗ് ആശുപത്രിക്കു മുന്നില്‍ ജനക്കൂട്ടത്തിന്റെ പ്രതിഷേധത്തിനിടെ ആറു വയസ്സുള്ള മകളുടെ ദേഹത്ത് അമ്മ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചു. കുട്ടിയെ രക്ഷിച്ച പോലീസ് ഉടന്‍ തന്നെ അടിയന്തര ചികിത്സയ്ക്ക് വിധേയമാക്കി. അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.
സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ രാത്രി മരണമടഞ്ഞ പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തി. പൊള്ളലേറ്റതിനെ തുടര്‍ന്നാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ജനുവരി മുതല്‍ ഉന്നാവില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 86 ബലാത്സംഗ കേസുകളാണ്. തലസ്ഥാനമായ ലക്നൗവില്‍ നിന്നും 63 കിലോമീറ്റര്‍ അകലെയുള്ള ഇവിടെ 31 ലക്ഷം മാത്രമാണ് ജനസംഖ്യ.