
കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തിയ വിദേശ പര്യടനത്തെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്. സര്‍ക്കാര്‍ ചെലവിലുള്ള ഈ വിനോദയാത്ര കമ്മ്യൂണിസത്തോടുള്ള വെല്ലുവിളിയോ അതോ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടലോ എന്ന് മുരളീധരന് ചോദ്യമുയര്‍ത്തി.
ചെലവും ധൂര്‍ത്തും നടത്തി സര്‍ക്കാര്‍ ഖജനാവ് കാലിയാക്കുകയും എന്നാല്‍ ജനോപകാരപ്രദമായി കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കുകയുമാണ് പിണറായി സര്‍ക്കാര്‍ നാളിതുവരെ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കേരള മുഖ്യമന്ത്രി നടത്തിയ വിദേശ പര്യടനത്തിന്റെ ഉദ്ദേശം കേരളം ചര്‍ച്ച ചെയ്യുകയാണല്ലോ?
നാട്ടിലെ യുവാക്കള്‍ക്കു വേണ്ടിയാണോ കുടുംബസമേതം പിണറായി വിജയനും മന്ത്രിമാരും വിദേശയാത്ര നടത്തിയത്? ജപ്പാനിലെ തോഷിബ ബാറ്ററികഥ സര്‍ക്കാര്‍ ചെലവില്‍ നടത്തിയ വിനോദ യാത്രയ്ക്ക് മറ മാത്രമാണ്. കമ്മ്യുണിസ്റ്റ് വീമ്പു പറയുന്നവര്‍ തോഷിബ പോലുള്ള ബഹുരാഷ്ട്ര കമ്പനിയുമായി ചേര്‍ന്ന് ലിഥിയം ബാറ്ററിയുടെ നിര്‍മ്മാണത്തിനായി 200 കോടിയുടെ വിദേശ നിക്ഷേപം കൊണ്ട് വരുമെന്ന് പറയുന്നത് കമ്മ്യുണിസത്തോടുള്ള വെല്ലുവിളിയോ അതോ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടലോ? പ്രളയകാലത്ത് നടത്തിയ വിനോദയാത്രയില്‍ 4000 കോടി കൊണ്ട് വരുമെന്നവകാശപ്പെട്ടിട്ട് ട്രഷറിയില്‍ പോലും കാശില്ലാത്ത സ്ഥിതിയാക്കി. ചെലവും ധൂര്‍ത്തും നടത്തി സര്‍ക്കാര്‍ ഖജനാവ് കാലിയാക്കുകയും എന്നാല്‍ ജനോപകാര പ്രദമായ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കുകയുമാണ് പിണറായി സര്‍ക്കാര്‍ നാളിതുവരെ ചെയ്തു കൊണ്ടിരിക്കുന്നതു എന്ന് ഓരോ ദിവസവും വ്യക്തമാവുന്നു.






