
തിരുവനന്തപുരം: സുല്‍ത്താന്‍ബത്തേരി സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഷെഹ്ല ഷെറിന് എന്ന വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ ബാലാവകാശ കമ്മീഷന് നടപടിയെടുത്തേക്കില്ല. അധ്യാപകര്‍ ബാലാവകാശ കമ്മീഷന് നല്കിയ മൊഴി പരിഗണിച്ചാണ് നടപടിയെന്നാണ് സൂചന.
പാമ്പ് കടിയേറ്റ് ഷെഹ്ലയെ ഉടന്‍ ആശുപത്രിയിലെത്തിക്കുന്നതില്‍ അധ്യാപകര്‍ വീഴ്ച വരുത്തിയെന്ന് ബാലാവകാശ കമ്മീഷന് സമ്മതിക്കുമ്പോളും മറ്റ് ചില കാരണങ്ങളാണ് നടപടിയെടുക്കാതിരിക്കാന്‍ ചൂണ്ടിക്കാട്ടുന്നത്.
സ്കൂളിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരോട് വിരോധമുണ്ടായിരുന്നതായി അധ്യാപകര്‍ പറയുന്നു. നേരത്തേ നടന്ന ദേശീയ പാത ഉപരോധ സമരത്തില്‍ 14 വയസിന് താഴെയുള്ള വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചിരുന്നു. ഈ വിവരങ്ങള്‍ കുട്ടികളുടെ രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ചില വിദ്യാര്‍ഥികള്‍ക്ക് ഇക്കാര്യത്തില്‍ അധ്യാപകരോട് ഉണ്ടായിരുന്ന വിരോധം ഷെഹ്ലയുടെ മരണവുമായി ബന്ധപ്പെടുത്തിയെന്ന് അധ്യാപകര്‍ നല്കിയ മൊഴിയില്‍ പറയുന്നു. സ്കൂളിലെ ക്ലാസ് മുറികള്‍ക്ക് ഫിറ്റ്നസ് നല്കിയ ഉദ്യോഗസ്ഥന്റെ നടപടിയാണ് ബാലാവകാശ കമ്മീഷന് ചോദ്യം ചെയ്യുന്ന മറ്റൊരു കാര്യം.
കൃത്യമായി ക്ലാസ് മുറികള്‍ പരിശോധിച്ചിരുന്നെങ്കില്‍ പാമ്പിന്റെ മാളങ്ങള്‍ കണ്ടെത്താന്‍ കഴിയുമായിരുന്നെന്നും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കാന് കഴിയുമായിരുന്നില്ലെന്നും ബാലാവകാശ കമ്മീഷന് വിലയിരുത്തുന്നു. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കിയ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് കമ്മീഷന് ശുപാര്‍ശ ചെയ്യുന്നു. കൂടാതെ ഷെഹ്ലയെ ചികിത്സിച്ച ഡോക്ടര്‍ക്കെതിരേയും നടപടിവേണമെന്ന് കമ്മീഷന് പറയുന്നു.
ഷെഹ്ലയുടെ പരിശോധനാ ഫലത്തില്‍ വിഷം ഉള്ളില്‍ ചെന്നെന്ന് കണ്ടെത്തിയിട്ടും പിതാവ് ആവശ്യപ്പെട്ടിട്ടും ആന്റി വെനം നല്‍കാതിരുന്ന ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്ന് കമ്മീഷന് പറയുന്നു, ഡോക്ടറുടെ നടപിട അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് കമ്മീഷന് വിലയിരുത്തി.






