
ഉന്നാവോ യുവതിയ്ക്ക് സ്മാരകമുണ്ടാക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിയെ തടഞ്ഞ് യുവതിയുടെ വീട്ടുകാര്‍. ആദ്യം നീതി തരൂ.. എന്നിട്ട് മതി സ്മാരകം എന്ന് അവര്‍ വ്യക്തമാക്കി. രാജ്യത്ത് വലിയ പ്രതിഷേധം ഉയരുമ്പോഴാണ് സര്‍ക്കാര്‍ സ്മാരകമുണ്ടാക്കാന്‍ എത്തിയത്. യുവതിയുടെ സംസ്കാര ചടങ്ങുകള്‍ നടന്ന ഭട്ടിന്ഖേട്ടയിലാണ് സ്മാരകം പണിയാന്‍ ആവശ്യമായ സാധനങ്ങള്‍ എത്തിച്ചത്. ഇതറിഞ്ഞെത്തിയ യുവതിയുടെ വീട്ടുകാര്‍ ശ്രമം തടഞ്ഞു.
ബലാത്സംഗ കേസുകള്‍ യുപി സര്‍ക്കാരിനെതിരെ വന്‍ രോക്ഷമാണ് ഉയര്‍ത്തുന്നത്. ഇത് തണുപ്പിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ മാര്‍ഗമാണ് സ്മാരകമെന്നാണ് വിലയിരുത്തല്‍. ഇഷ്ടികയും മണ്ണുമിറക്കിയ ശേഷമാണ് യുവതിയുടെ കുടുംബം വിവരം അറിയുന്നത്. പിന്നീട് നാട്ടുകാരും കുടുംബവുമെത്തി സര്‍ക്കാര്‍ നീക്കം തടഞ്ഞു.
വീട്ടില്‍ മരണാനന്തര ചടങ്ങുകള്‍ പോലും പൂര്‍ത്തിയായിട്ടില്ലെന്നും ഇതിനിടയില്‍ ആര്‍ക്കുവേണ്ടിയാണ് സ്മാരകം നിര്‍മ്മിക്കുന്നതും കുടുംബം ചോദിക്കുന്നു. ഇത്രയും കാലം ഞങ്ങള്‍ നീതി ചോദിച്ചിട്ടും കിട്ടിയില്ല. ആദ്യം അവള്‍ക്ക് നീതി തരൂ. എന്നിട്ടാകാം സ്മാരകം. കുടുംബം വ്യക്തമാക്കി.
യുവതിയെ ബലാത്സംഗം ചെയ്ത ശിവം ത്രിവേദി, ശുംഭം ത്രിവേദി അടക്കമുള്ള പ്രതികള്‍ കേസില്‍ ജാമ്യത്തിലിറങ്ങിയത് അഞ്ച് ദിവസം മുന്‍പാണ്. ഇതിന് ശേഷമാണ് ഇവര്‍ യുവതിയെ ആസൂത്രണം ചെയ്ത് ആക്രമിച്ചത്. അറസ്റ്റിലായ അഞ്ച് പ്രതികളും ഇപ്പോള്‍ റിമാര്ഡിലാണ്.






