
കൊച്ചി: സുല്‍ത്താന്‍ബത്തേരി സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഷെഹ്ല ഷെറിന് എന്ന വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് വീഴ്ച സംഭവിച്ചതായി പോലീസ്. കുട്ടിയ്ക്ക് കൃത്യ സമയത്ത് ചികിത്സ നല്കുന്നതില് അധ്യാപകര്‍ക്ക് വീഴ്ച പറ്റിയെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയില്‍ വിശദീകരണം നല്കി.
അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതി അന്വേഷണ സംഘത്തിന്റെ വിശദീകരണം തേടിയത്. ഇതിന് മറുപടിയായി നല്കിയ റിപ്പോര്‍ട്ടിലാണ് അധ്യാപകരുടെ ഭാഗത്തു നിന്ന് വീഴ്ച സംഭവിച്ചതായി പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം കേസിലെ പ്രതികളായ വൈസ് പ്രിന്‍സിപ്പല്‍ കെ.കെ മോഹന്‍, അധ്യാപകന് കെ.വി ഷജില്‍ ചികിത്സിച്ച മാനന്തവാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ മെറിന് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ഹര്‍ജിയില്‍ ഹൈക്കോടതി തീര്പ്പുവരുന്നതു വരെ അധ്യാപകരുടെ ഭാഗത്തു നിന്നുണ്ടായത് ധാര്‍മിക വീഴ്ചയാണോ അതോ കുറ്റകരമായ വീഴ്ചയാണോ എന്ന് വ്യക്തമാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടി വേണ്ടെന്ന് ബാലാവകാശ കമ്മീഷന് നേരത്തേ തീരുമാനിച്ചിരുന്നു. വകുപ്പ് തല നടപടികളോ ക്രിമിനല്‍ നടപടികളോ വേണ്ടെന്ന തീരുമാനമാണ് ബാലാവകാശ കമ്മീഷന് സ്വീകരിച്ചത്.






