
ന്യൂഡല്‍ഹി: ഉന്നാവ് പീഡനക്കേസില്‍ വിധി 16ന്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗര്‍ ഉള്‍പ്പെട്ട കേസിലാണ് വിധി. കേസില്‍ ഡല്‍ഹി വിചാരണ കോടതിയാണ് വിധി പറയുക. സുപ്രീം കോടതി വിധി പ്രകാരം ഡല്‍ഹിയിലേക്ക് വിചാരണ മാറ്റിയ കേസിലാണ് വിധി പൂര്‍ത്തിയായത്. 45 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട വാദം സിബിഐ തിങ്കളാഴ്ച പൂര്‍ത്തിയാക്കി.
2017ലാണ് 17കാരിയായ പെണ്‍കുട്ടിയെ എം.എല്‍എ പീഡിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് കേസ് നടപടികള്‍ പുരോഗമിക്കവേ തോക്ക് കൈവശം വച്ചെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ അച്ഛനെ പോലീസ് ജയിലില്‍ അടച്ചു. തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ മുഖ്യമന്ത്രിയുടെ വീടിന് മുന്നിലെത്തി പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിനിടയില്‍ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് കേസ് ദേശീയ ശ്രദ്ധ ആകര്‍ഷിച്ചത്.
കേസ് നടപടികള്‍ പുരോഗമിക്കവെ പെണ്‍കുട്ടിയേയും കുടുംബത്തേയും കാറിടിച്ച് കൊലപ്പെടുത്താല്‍ ശ്രമവും ഉണ്ടായി. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയും ഇതോടെ സുപ്രീം കോടതി സംഭവത്തില്‍ ഇടപെടുകയുമായിരുന്നു.
സുപ്രീം കോടതി നിര്‍ദേശ പ്രകാരം പെണ്‍കുട്ടിയും കുടുംബവും സിആര്‍പിഎഫിന്റെ സുരക്ഷയിലാണ്. ഉത്തര്‍പ്രദേശില്‍ ഭീഷണി നേരിടുന്നതിനാല്‍ ഡല്‍ഹിയില്‍ പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും താമസമൊരുക്കണമെന്ന് ഡല്‍ഹി കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. പീഡനപരാതിയില്‍ കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ സെര്ഗാര് സീതാംപൂര്‍ ജയിലിലാണ്.






