
ന്യൂഡല്‍ഹി: പൗരത്വ ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആഞ്ഞടിക്കുന്നു. പൗരത്വ ബില്ലില്‍ ഇന്ന് രാജ്യസഭയില്‍ ചൂടേറിയ വാദം നടന്നതിനു പിന്നാലെയാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആഞ്ഞടിച്ചത്. പ്രതിഷേധക്കാരെ നേരിടാന്‍ ത്രിപുരയിലും അസമിലും സൈന്യത്തെ വിന്യസിച്ചു. പല മേഖലകളിലും ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്.
ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത് മുതല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ പ്രതിഷേധങ്ങളുടെ പശ്ചത്തലത്തിലാണ് സൈന്യത്തെ വിന്യസിച്ചതെന്നാണ് വിവരം. ഇതുവരെ രണ്ട് സംസ്ഥാനങ്ങളിലുമായി മൂന്ന് കമ്പനി സൈന്യത്തെയാണ് വിന്യസിച്ചിരിക്കുന്നത്. 70 പേര് വീതമുള്ള മൂന്ന് സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
ത്രിപുരയില്‍ കന്ചന്പുര്, മണു പ്രദേശങ്ങളിലും അസമിലെ ബൊംഗെയ്ന്ഗോന് പ്രദേശത്തക്കുമാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. ചൊര്രാഴ്ചയാണ് ലോക്സഭയില്‍ ബില്‍ പാസാക്കിയത്. 80 നെതിരെ 311 വോട്ടിനാണ് ലോക്സഭയില്‍ ബില്‍ പാസാക്കിയത്. രാജ്യസഭയിലും ബില്ലിന്മേലുള്ള ചര്‍ച്ച പുരോഗമിക്കുകകയാണ്. സഭയില്‍ ചോദ്യോത്തരവേളയും ഒഴിവാക്കിയിട്ടുണ്ട്. പൗരത്വ ബില്ലിലൂടെ കേന്ദ്രം നടപ്പാക്കുന്നത് ഹിന്ദുത്വ അജന്‍ഡയെന്നാണ് കോണ്‍ഗ്രസ് വിമര്‍ശനം. കോണ്‍ഗ്രസ്, എസിപി, ടിആര്‍എസ്, സിപിഎം, ഡിഎംകെ എന്നിവര്‍ ബില്ലിനെ എതിര്‍ത്തപ്പോള്‍ അണ്ണാഡിഎംകെയും ജെഡിയുവും ബില്ലിനെ പിന്തുണയ്ക്കുന്നുണ്ട്.






