
ന്യൂയോര്‍ക്ക്: സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് 2019 ലെ ടൈം മാഗസിന് 'പേഴ്സണ്‍ ഓഫ് ദ ഇയര്‍'. ടൈം മാഗസിനിന്റെ 'വ്യക്തിത്വമായി' ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടവരിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് പതിനാറുകാരിയായ ഗ്രേറ്റ തുന്‍ബര്‍ഗ്. ആഗോളതാപനവും കാലാവസ്ഥാനവ്യതിയാനവും തടയാനായി ഉറച്ച ശബ്ദം ഉയര്‍ത്തിയ ഗ്രേറ്റ രാജ്യാന്തര തലത്തില്‍ ഇതിനെതിരായ അവബോധം നല്‍കുന്നതിനായി പ്രവര്‍ത്തിച്ചുവരികയാണ്.
ആഗോളതാപനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളില്‍ ലോക നേതാക്കള്‍ നടപടി സ്വീകരിക്കാന്‍ മടിക്കുന്നതിനെതിരെ യുഎന്‍ കാലാവസ്ഥാ ഉച്ചകോട ിയില്‍ ഗ്രേറ്റ് തുന്‍ബര്‍ഗ് നടത്തിയ പ്രസംഗം ലോകശ്രദ്ധ നേടിയിരുന്നു. ടൈം മാഗസിന് എഡിറ്റര്‍ എഡ് ഫെല്‍സന്‍താള്‍ ആണ് ബുധനാഴ്ച പുരസ്കാരം പ്രഖ്യാപിച്ചത്. ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നത്തിനു നേരെ ഉയരുന്ന ഏറ്റവും വലിയ ശബ്ദമാണ് ഗ്രേറ്റ തുന്‍ബര്‍ഗിന്റേതെന്ന് പുരസ്കാര പ്രഖ്യാപന വേളയില്‍ ടൈം മാഗസിന് എഡിറ്റര്‍ പറഞ്ഞു.






