
പാരീസ്: നെയ്മര്‍, കവാനി, എംബാപ്പേ ലോകഫുട്ബോളിലെ ഏറ്റവും കിടയറ്റ സ്ട്രൈക്കര്‍മാര്‍ മൂന്നും സ്കോറിംഗ് നടത്തിയ മത്സരത്തില്‍ പാരീസ് സെന്റ് ജെര്മെയ്ന് തകര്‍പ്പന്‍ ജയം. യുവേഫാ ചാംപ്യന്‍സ് ലീഗ് ഫുട്ബോളിലെ ഇന്നലത്തെ മത്സരത്തില്‍ പിഎസ്ജിയും മാഞ്ചസ്റ്റര്‍ സിറ്റിയും തകര്‍പ്പന്‍ വിജയം നേടിയപ്പോള്‍ ജയത്തോടെ ബയേണും യുവന്റസും റയലും ആദ്യ 16 ല്‍ ഇരിപ്പുറപ്പിച്ചു. തുര്‍ക്കി ക്ളബ്ബ് ഗളത്താസറേയെ പിഎസ്ജി 5-0 നാണ് തോല്‍പ്പിച്ചത്. സിറ്റി ഡൈനാമോ സാഗ്രേബിനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് മറികടന്നു. ബയേണ്‍ ടോട്ടനത്തെയും റയല്‍ ക്ളബ്ബ് ബ്രൂഗേയെയും അത്ലറ്റിക്കോ മാഡ്രിഡ് ലോക്കോമോട്ടീവിനെയൂം കീഴടക്കിയപ്പോള്‍ യുവന്റസിന്റെ ജയം ബയര്‍ ലവര്കൂസനെതിരേയായിരുന്നു.
ഗളത്താസറേയെ പിഎസ് ജി മുക്കിക്കളയുകയായിരുന്നു. ആദ്യ പകുതിയില്‍ അര്‍ജന്റീന താരം ഇക്കാര്ഡിയിലൂടെ തുടങ്ങിയ ഗോളടി 84 ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്നും എഡിസന് കവാനിയിലൂടെയാണ് അവര്‍ പൂര്‍ത്തിയാക്കിയത്. സറാബിയയും നെയ്മറും എംബാപ്പേയും ഗോളുകള്‍ കുറിച്ചു. ഗ്രൂപ്പ് എയില്‍ 16 പോയിന്റ് ലീഡ് നേടിയാണ് പിഎസ്ജി പ്രീക്വാര്‍ട്ടറില്‍ എത്തിയത്. മത്സരത്തില്‍ ഗോളടിച്ചതോടെ 11 ഗോളടിച്ച ക്രിസ്ത്യാനോയ്ക്കും 10 ഗോളടിച്ച മെസ്സിക്കും പിന്നില്‍ മൂന്നാമനായി നെയ്മര്‍ മാറി. ഒമ്പതു കളികളില്‍ അദ്ദേഹം അസിസ്റ്റും ഗോളും നേടിയാണ് മുന്നിലേക്ക് വന്നത്.
ബ്രസീലിയന്‍ താരങ്ങളായ കൗമാരക്കാരുടെ മികവിലാണ് ക്ളബ്ബ് ബ്രൂഗേയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് റയല്‍ കീഴടക്കിയത്. രണ്ടാം പകുതിയിലായിരുന്നു നാലു ഗോളുകളും കൗമാരം വിട്ടിട്ടില്ലാത്ത റോഡ്രിഗോയും വിനീഷ്യസ് ജൂനിയറും ആദ്യം ഗോളടിച്ചപ്പോള്‍ അവസാന ഇഞ്ചുറി ടൈമില്‍ ലൂക്കാ മോഡ്രിക്കും സ്പാനിഷ് വമ്പന്മാര്ക്കായി സ്കോര്‍ ചെയ്തു. ക്ളബ്ബ് ബ്രൂഗേയുടെ ഗോള്‍ വനക്കന്റെ വകയായിരുന്നു. ഗ്ളാമര്‍ പോരാട്ടം നടന്ന ബി ഗ്രൂപ്പില്‍ ജര്‍മ്മന്‍ ക്ളബ്ബ് ബയേണ്‍ മ്യുണിക്ക് ഇംഗ്ളീഷ് ക്ളബ്ബ് ടോട്ടനത്തെ 3-0 നാണ് വീഴ്ത്തിയത്.
പുതിയ പരിശീലകന് ജോസ് മൊറീഞ്ഞോയ്ക്ക് കീഴില്‍ എത്തിയ നിലവിലെ റണ്ണറപ്പുകളായ ടോട്ടനത്തിനെതിരേ കോമാന്, മുള്ളര്‍, കൗട്ടീഞ്ഞോ എന്നിവര്‍ സ്കോര്‍ ചെയ്തു. സെസ്സെഗ്നെന്റെ വകയായിരുന്നു ടോട്ടനത്തിന്റെ ഗോള്‍. ഗ്രൂപ്പ് ചാമ്പ്യന്മാരായി ബയേണ്‍ ആദ്യ 16 ല്‍ ഇടം പിടിച്ചപ്പോള്‍ തോറ്റെങ്കിലും പത്ത് പോയിന്റുമായി രണ്ടാം സ്ഥാനക്കാരായി ടോട്ടനവും പ്രീക്വാര്‍ട്ടറിലെത്തി. മറ്റൊരു ഇംഗ്ളീഷ് ക്ളബ്ബ് മാഞ്ചസ്റ്റര്‍ സിറ്റി പിന്നില്‍ നിന്നും പൊരുതിക്കയറിയാണ് വിജയം നേടിയത്. ബ്രസീലിയന്‍ താരം ജീസസിന്റെ ഹാട്രിക്കായിരുന്നു പ്രത്യേകത.
പത്താം മിനിറ്റില്‍ ഒല്‍മോയിലൂടെ ഡൈനാമോ ആദ്യ ഗോള്‍ അടിച്ചെങ്കിലൂം ഉജ്വല പാസ് ഗെയിം പുറത്തെടുത്ത സിറ്റിയെ പിടിച്ചു നിര്‍ത്താനായില്ല. 34,50,54 മിനിറ്റുകളില്‍ സ്കോറിംഗ് നടത്തിയ ഗബ്രിയേല്‍ ജീസസ് ടീമിനെ തിരിച്ചു കൊണ്ടുവന്നു. ഫോഡന്റെ വകയായിരുന്നു അവസാനഗോള്‍. അഗ്യൂറോ പരിക്കേറ്റ് മടങ്ങിയ ടീമിനെ ജീസസ് ചുമലിലേറ്റുകയായിരുന്നു. ഷാക്തര്‍ ഡോണസ്ക്കിനെ മൂന്ന് ഗോളിന് വീഴ്ത്തി ഇറ്റാലിയന്‍ ക്ളബ്ബ് അറ്റ്ലാന്റയും പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കി. 66 ാം മിനിറ്റി കാസ്റ്റാനേയുടെ ഗോളില്‍ മുന്നിലെത്തിയ അവര്‍ ഷാക്തറിന്റെ കോര്‍ഡീറോ ഡോസ് സാന്റോസ് ചുവപ്പ് കാര്‍ഡ് കണ്ടത് മുതലാക്കി പിന്നാലെ രണ്ടു ഗോള്‍ കൂടി അടിച്ചു. പസാലിക്കും ഗോസന്സുമായിരുന്നു സ്കോറര്‍മാര്‍.
ക്രിസ്ത്യാനോ റൊണാള്‍ഡോയുടെയും ഗോണ്‍സാലോ ഹിഗ്വന്റെയും ഗോളുകളാണ് ഇറ്റാലിയന്‍ വമ്പന്മാര് യുവന്റസിന് ജയം നല്‍കിയത്. ജര്‍മ്മന്‍ ക്ളബ്ബ് ബയര്‍ ലവര്കൂസന് തോല്‍വി വലിയ തിരിച്ചടിയായി. റഷ്യന്‍ ക്ളബ്ബ് ലോക്കോ മോട്ടീവിനെ സെക്യൂറയുടെയും ഫെലിപ്പേയുടെയും ഗോളുകളില്‍ വീഴ്ത്തി സ്പാനിഷ് ക്ളബ്ബ് അത്ലറ്റിക്കോ മാഡ്രിഡ് ഡി ഗ്രൂപ്പില്‍ നിന്നും രണ്ടാമന്മാരായി മുമ്പോട്ട് പോയി.





