
കടല്‍ ജലനിരപ്പിലുണ്ടാകുന്ന വര്‍ധനവ് പ്രതീക്ഷതിലും ഇരട്ടിയെന്ന ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി ഗവേഷകര്‍. ശരാശരി 98 സെന്റിമീറ്റര്‍ വരെ വര്‍ധനവാണ് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ,പുതിയ പഠനപ്രകാരം 2100 ആകുമ്പോഴേയ്ക്കും ജലനിരപ്പ് ഇപ്പോഴുള്ളതിനെക്കാള്‍ രണ്ടു മീറ്റര്‍ വരെ ഉയരുമെന്നാണ് ഗവേഷകരുടെ നിഗമനം.
അതീവ ആശങ്ക ഉയര്‍ത്തുന്ന ഒരു വാര്‍ത്തയാണിത്. ഇത്തരത്തില്‍ കടല്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ഏകദേശം 1.79 മില്യണ്‍ ചതുരശ്ര കിലോമീറ്റര്‍ കരമേഖല കടലെടുക്കുമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍.
18 കോടി ജനങ്ങള്‍ക്ക് അവരുടെ കിടപ്പാടം നഷ്ടമായേക്കും. ഭൂമിയിലെ ഭക്ഷ്യോത്പാദനം ഗണ്യമായി കുറയാനും ഈ ജലനിരപ്പ് വര്‍ധന കാരണമാകും. മനുഷ്യരാശി ഇന്നുവരെ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയിലേയ്ക്കാകും കാലാവസ്ഥാ വ്യതിയാനം തള്ളിവിടുക. അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്തിന്റെ ഏഴിരട്ടി വലിപ്പമുള്ള പ്രദേശമാകും ലോകത്താകമാനമായി വെള്ളത്തിനടിയിലാകുക.






