
ചെന്നൈ: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പേസര്‍ ഭുവനേശ്വര്‍ കുമാര്‍ പുറത്ത്. അരക്കെട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഭുവനേശ്വര്‍ കുമാര്‍ പുറത്തായത്. ഭുവനേശ്വറിനു പകരം ഷാര്‍ദൂല്‍ താക്കൂറിനെ ടീമിലുള്‍പ്പെടുത്തി. 2018 സെപ്റ്റംബറില്‍ നടന്ന ഏഷ്യാ കപ്പിലാണ് ഷാര്‍ദുല്‍ താക്കൂര്‍ അവസാനമായി ഏകദിന മത്സരം കളിച്ചത്.
വെസ്റ്റിന്‍ഡീസിനെതിരായ അവസാന ട്വന്റി20 മത്സരത്തിനിടെയാണ് ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റത്. മത്സരശേഷം ബിസിസിഐ മെഡിക്കല്‍ ടീം നടത്തിയ പരിശോധനനയില്‍ താരത്തിനു പരിക്കേറ്റതായി കണ്ടെത്തി. താരത്തിന്റെ പരിക്കറ്റ് വിദഗ്ധര്‍ നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബോളിങ് കോച്ച് ഭരത് അരുണ്‍ പറഞ്ഞു.
ഇന്ത്യയുടെ ഓപ്പണര്‍ ശിഖര്‍ ധവാന് നേരത്തെ പരിക്കിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായിരുന്നു. ധവാന് പകരമായി മായങ്ക് അഗര്‍വാളിനെയാണ് വിന്ഡീസിനെതരായ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിക്കു വേണ്ടി സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ കളിക്കുമമ്പാള് പരിക്കേറ്റ ധവാന് ട്വന്റി20 പരമ്പരയും നഷ്ടമായിരുന്നു. ട്വന്റി20 യില്‍ ധവാന് പകരം സഞ്ജു വി. സാംസണ് ആയിരുന്നു പകരക്കാരന്. ഏകദിന ലോകകപ്പിനിടെയും ധവാനേയും ഭുവനേശ്വര്‍ കുമാറിനേയും പരിക്ക് അലട്ടിയിരുന്നു. ശിഖര്‍ ധവാന് നാട്ടിലേക്ക് മടങ്ങിയപ്പോള്‍, ഭുവനേശ്വര്‍ കുമാര്‍ ലോകകപ്പ് സെമിയോടെ ടീമില്‍ മടങ്ങിയെത്തിയിരുന്നു.






