തൃശൂര്‍: പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലുള്ളവരുടെ മാതാപിതാക്കളും പിതാമഹന്മാരും അഫ്ഗാനിസ്ഥാനിലോ പാക്കിസ്ഥാനിലോ ബംഗ്ലാദേശിലോ നിന്ന് കടന്നുവന്നവരാണോയെന്ന് പിശോധിക്കേണ്ട കാര്യം ഉയര്‍ന്നുവരുന്നതേയില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിങ്ങളുടെ അച്ഛന്റെ അച്ഛന്റെ ജീവിതം ഇവിടെ തന്നെ ആയിരുന്നുവെന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാല്‍ അത് ഈ കേരളത്തില്‍ ബാധകമല്ല എന്ന് തന്നെയാണ് പറയാനുള്ളത്. പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കാമെന്ന് ആരും കണക്കാക്കണ്ട. നിയമത്തിന്റെ ബലം വച്ച് എന്തും കാണിച്ചുകളയാമെന്ന ഹുങ്ക് നല്ലതല്ല എന്ന് മാത്രമേ പറയാനുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ ഭരണഘടന നല്കുന്ന ഉറപ്പ് മതനിരപേക്ഷതയാണ്. മതനിരപേക്ഷ രാജ്യമാണ് ഇന്ത്യ. മതത്തിന്റെ അടിസ്ഥാനത്തില്‍ ആളെ പരിശോധിക്കാനാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത് അത് ആപത്താണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.






