
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന അതിദേശീയത എന്ന ആശയത്തെ താന്‍ തള്ളിക്കളയുന്നുവെന്ന് പശ്ചിമ ബംഗാളില്‍ നിന്നുള്ള എം.പിയായ മഹുവ മൊയ്ത്ര. ഛണ്ഡീഗഡില്‍ നടക്കുന്ന മിലിട്ടറി ലിറ്റററി ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അവര്‍.
രാജ്യസ്നേഹവും ദേശീയതയും തമ്മില്‍ വ്യത്യാസമുണ്ടെന്ന് മെഹുവ മൊയ്ത്ര പറഞ്ഞു. ദേശസ്നേഹമെന്നത് രാജ്യത്തോടുള്ള നൈസര്‍ഗികമായ സ്നേഹമാണ്. എന്നാല്‍ അതിദേശീയത വിമര്‍ശനങ്ങള്‍ തടയാന്‍ ബോധപൂര്‍വം ഉണ്ടാക്കിയെടുക്കുന്നതുമാണ്. നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണോ, അവര്‍ക്കൊപ്പമാണോ എന്ന് പറയിക്കുന്നതാണ് അതിദേശീയത. എല്ലാവരെയും വെറുക്കുന്ന കറുത്ത ശക്തികളെ സൃഷ്ടിക്കുന്നതാണ് അതിദേശീയതയെന്നും മൊയ്ത്ര പറഞ്ഞു.
ദൈവത്തേക്കാള്‍ വലുതാണ് രാജ്യം എന്ന് പഠിപ്പിക്കുന്ന ഒരു ദേശീയതയും തനിക്ക് സ്വീകാര്യമല്ലെന്ന് രവീന്ദ്രനാഥ ടാഗോറിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് മഹുവ മൊയ്ത്ര. വെറുപ്പ് ഉല്‍പ്പാദിപ്പിക്കുകയും വര്‍ഗീയ അജണ്ട നടപ്പിലാക്കുകയും ചെയ്യുന്ന ബി.ജെ.പിയെ വേണ്ടപോലെ ചെറുക്കുന്നതിന് പ്രതിപക്ഷത്തിന് പലപ്പോഴും കഴിയുന്നില്ലെന്നത് സത്യമാണെന്നും മഹുവ പറഞ്ഞു.






