
കൊച്ചി: പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍മ്മാണം മുടങ്ങിപ്പോയ പുതുവൈപ്പിന് എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണം ഇന്ന് വീണ്ടും തുടങ്ങും. പദ്ധതിക്കെതിരേ നേരത്തേ മുതല്‍ തുടരുന്ന ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന സാഹചര്യം കണക്കിലെടുത്ത് കടുത്ത പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. ജില്ലയ്ക്ക് പുറത്തു നിന്നും ഉള്‍പ്പെടെ അഞ്ഞൂറിലധികം പോലീസുകാരെയാണ് ഇവിടെ വിന്യസിപ്പിച്ചിരിക്കുന്നത്.
ഇന്നലെ രാത്രിയില്‍ തന്നെ നിര്‍മ്മാണ സാമഗ്രികളും പ്രദേശത്ത എത്തിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി മുതല്‍ പുതുവൈപ്പ് എന്ന തീരദേശ ഗ്രാമം പൂര്‍ണ്ണമായും പോലീസിന്റെ നിയന്ത്രണത്തിലായി. പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടര വര്‍ഷമായി നിര്‍മ്മാണം നിന്നിരിക്കുകയാണ്. 2017 ഫെബ്രുവരിയിലാണ് അവസാനം നിര്‍മ്മാണം നടന്നത്. ഒമ്പതു വര്‍ഷമായിട്ടും പദ്ധതിയുടെ 45 ശതമാനം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായയത്. പദ്ധതിയുമായി ഉണ്ടാകുന്ന വന്‍ നഷ്ടവും പാരസ്ഥിതിക അനുമതിക്കുള്ള കാലാവധി പൂര്‍ത്തിയാകുന്നതുമാണ് പ്രതിഷേധത്തെ അവഗണിച്ച് പദ്ധതി പുനരാരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇന്നലെ രാത്രി മുതല്‍ ഇവിടെ പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. സമീപവാസികളായ പ്രതിഷേധക്കാര്‍ വിവരം അറിഞ്ഞു വരും മുമ്പ് തന്നെ ഇവിടെ പോലീസ് സന്നാഹം എത്തിക്കഴിഞ്ഞു. പ്രതിഷേധക്കാരെ ഒരു തരത്തിലും നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തേക്ക് കയറ്റാതിരിക്കാന്‍ കനത്ത പോലീസ് ബന്തവസ്സാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാരസ്ഥിതിക അനുമതിക്കുള്ള കാലാവധി പൂര്‍ത്തിയാക്കും മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. റോഡ് മാര്‍ഗ്ഗം എല്‍പിജി എത്തിക്കുന്നതിലുള്ള അപകടസാധ്യത മുന്‍ നിര്‍ത്തിയാണ് പദ്ധതി ആവിഷ്ക്കരിച്ചത്.
എന്നാല്‍ ജനവാസമേഖലയിലൂടെ ഇത് നടപ്പാക്കുന്നതിനെതിരേ പ്രദേശവാസികള്‍ രംഗത്ത് വരികയായിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാരുമായി ഒത്തുതീര്‍പ്പിലെത്താന്‍ സര്‍ക്കാരും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. ഇതോടെയാണ് പദ്ധതി തടസ്സപ്പെട്ടു പോയത്. ഇന്നലെ അര്‍ദ്ധരാത്രി രണ്ടുമണിയോടെയാണ് നിരോധനാജ്ഞ കളക്ടര്‍ പ്രഖ്യാപിച്ചത്. പിന്നാലെ പോലീസിനെയും വിന്യസിപ്പിച്ചു.






