
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വിവിധ സംഘടനകള്‍ നടത്തുന്ന ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപകമായി ആക്രമണം. പലയിടത്തും ബസ് സര്‍വീസുകള്‍ തടയുകയും കല്ലേറുണ്ടാകുകയും ചെയ്തു. തിരുവനന്തപുരം, ആലുവ, പാലക്കാട്, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, വയനാട് എന്നിവിടങ്ങളില്‍ ബസുകള്‍ക്ക് നേരെ കല്ലേറ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പലയിടത്തും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും എല്ലാ ജില്ലകളിലും നേരിയ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യന്നുണ്ട്. ആലുവയില്‍ മൂന്നാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുകയായിരുന്ന മിന്നല്‍ ബസിന് നേരെ കല്ലേറുണ്ടായി. തിരുവനപുരത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന ബസിന് നേരെ പുലര്‍ച്ചെ ആലുവയില്‍ വെച്ചായിരുന്നു ആക്രമണമുണ്ടായത്. വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. ഇവരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു. ഡ്രൈവറും കണ്ടക്ടറും ബസ് വഴിയില്‍ ഉപേക്ഷിച്ചു പോലീസിന് പരാതി നല്കി.
ആലപ്പുഴ മണ്ണ ഞ്ചേരിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു താക്കോല്‍ ഊരിയെടുത്തു. തൊടുപുഴയ്ക്ക് പോകുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് തടഞ്ഞു നിര്‍ത്തിയായിരുന്നു താക്കോലാണ് ഊരിയത്. പാലക്കാട് വാളയാറില്‍ തമിഴ്നാട് ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. വേളാങ്കണ്ണിയില്‍ നിന്നും എറണാകുളത്തേക്ക് പോയ ബസിന് നേരെയാണ് കല്ലെറിഞ്ഞത്. പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ ഹര്‍ത്താല്‍ അനുകൂലികളുടെ പ്രകടനം നടന്നു. റോഡ് ഉപരോധിച്ചവര്‍ക്ക് നേരെ പോലീസ് ലാത്തിവീശി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. ബസ് തടയാന്‍ ശ്രമിച്ച ഏഴുപേരെ കസ്റ്റഡിയിലെടുത്തു.
കണ്ണൂര്‍ തളിപ്പറമ്പില്‍ ബസ് ഡ്രൈവറെ മര്‍ദ്ദിച്ച കാമ്പസ് ഫ്രണ്ട് നേതാവ് അബൂബക്കറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. നാദാപുരം ടൗണില്‍ കട നിര്‍ബ്ബന്ധപൂര്‍വ്വം എത്തി അടപ്പിച്ചു. കോഴിക്കോടും ബസ് തടയുന്നുണ്ട്. ബത്തേരിയില്‍ ബസിന് നേരെ കല്ലേറുണ്ടായ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നിര്‍ത്തി. പോലീസ് സംരക്ഷണ ആവശ്യശപ്പട്ടിട്ടുണ്ട്. പത്തുമണിയോടെ നഗരത്തില്‍ ഹര്‍ത്താല്‍ അനുകൂല സംഘടനകള്‍ പ്രകടനം നടത്തുന്നുണ്ട്. സംഘടനകളുടെ ആഹ്വാനത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.
വയനാട്ടില്‍ പുല്‍പ്പള്ളി വെള്ളമുണ്ടയിലും ബസുകളുടെ ചില്ല് തകര്‍ത്തു. കെഎസ്ആര്‍ടിസി ബസുകള്‍ താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തി വെച്ചെങ്കിലൂം വീണ്ടും തുടങ്ങിയിട്ടുണ്ട്. പുല്‍പ്പള്ളിയില്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വെച്ചിട്ടുണ്ട്. മലപ്പുറത്ത് കെഎസ്ആര്‍ടിസി സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയിട്ടില്ല. തിരൂരില്‍ നാല് ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റിയിട്ടുണ്ട്. മട്ടന്നൂര്‍ നരയമ്പാറയിലും ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു.






