
ന്യൂഡല്‍ഹി: ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്ത് വീണ്ടും സൈറസ് മിസ്ത്രി. ടാറ്റാ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായി സൈറസ് മിസ്ത്രിയെ തന്നെ ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണല്‍ ഉത്തരവിട്ടു.നിലവിലെ എക്സിക്യൂട്ടീവ് ചെയര്‍മാനായ എന്‍.ചന്ദ്രശേഖരന്റെ നിയമനം നിയമവിരുദ്ധമാണെന്നും ചുണ്ടിക്കാട്ടിയാണ് ട്രിബ്യൂണലിന്റെ ഉത്തരവ്.
2016 ഒക്ടോബറിലാണ് ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്ന മിസ്ത്രിയെ പുറത്താക്കിയത്. 2012 ഡിസംബറില്‍ രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായാണ് മിസ്ത്രി ഗ്രൂപ്പിന്റെ ചെയര്മാന് സ്ഥാനത്തെത്തിയത്. ടാറ്റ സണ്‍സില്‍ 18.4 ശതമാനം ഓഹിരയാണ് മിസ്ത്രി കുടുംബത്തിനുള്ളത്.
അതേസമയം ഉത്തരവിനെതിരെ ടാറ്റ ഗ്രൂപ്പ് അപ്പീല്‍ നല്കാന് നാലാഴ്ച സമയം ആവശ്യപ്പെട്ടതിനാല്‍ നിയമനം അത്രയും സമയത്തേക്ക് നീട്ടിവെയ്ക്കാന്‍ അനുവദിച്ചിട്ടുണ്ട്. ട്രിബ്യൂണലിന്റെ വിധിക്കെതിരെ സുപ്രീംകോടതിയേയും സമീപിക്കുന്നതിനും ടാറ്റ ഗ്രൂപ്പിന് അവസരമുണ്ട്. മിസ്ത്രിയും മറ്റ് രണ്ടു കമ്പനികളും നല്കിയ അപ്പീലിലാണ് രണ്ടംഗ എന്‍സിഎല്‍എടി ബെഞ്ച് വിധി പറഞ്ഞത്.






