
തൃശൂര്‍ കേരള വര്‍മ കോളേജില്‍ പൗരത്വ നിയമഭേഗദതി വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചുവെന്ന് ആരോപിച്ച് എബിവിപി പ്രവര്‍ത്തകരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു. ഈ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പി സി വിഷ്ണുനാഥ്. പൗരത്വ ബില്ലിനെ അനുകൂലിക്കുന്നവര്‍ക്ക് പൊതുസമൂഹത്തില്‍ അവരുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരവും അവകാശവുമുണ്ട്. അതിനോട് നമുക്ക് വിയോജിപ്പുണ്ടെങ്കിലും അങ്ങനെ അഭിപ്രായം പറയുന്നവരെ വളഞ്ഞിട്ട് അക്രമിക്കുന്നതും അസഹിഷ്ണുതയും ഫാസിസവുമാണ്.എന്താണ് കേരള വര്‍മ്മ കോളേജിലെ ആള്‍ക്കൂട്ടവും ഉത്തരേന്ത്യയില്‍ സംഘ്പരിവാറിന്റെ ആള്‍ക്കൂട്ടവും തമ്മിലുള്ള വ്യത്യാസം ?- വിഷ്ണുനാഥ് ചോദിക്കുന്നു.
പിസി വിഷ്ണുനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
രണ്ട് ദിവസമായി ഡല്‍ഹിയിലും കേരളത്തിലുമായി പൗരത്വ ഭേദഗതി ബില്ലിനെതിരായ വിവിധങ്ങളായ പരിപാടികളില്‍ പങ്കെടുക്കുകയാണ്; ദൃശ്യമാധ്യമങ്ങളിലെ സംവാദങ്ങളില്‍ പങ്കെടുക്കുകയാണ്.
പൗരത്വ ഭേദഗതി ബില്ലിനോടുള്ള വിയോജിപ്പുകള്‍ ഏതെല്ലാം മാര്‍ഗങ്ങളില്‍ക്കൂടി അറിയിക്കാമോ അതെല്ലാം ചെയ്യുകയാണ്; അതിനെതിരായ ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ പങ്കാളിയാവുകയാണ് - അതേസമയം തന്നെ പൗരത്വ ബില്ലിനെ അനുകൂലിക്കുന്നവര്‍ക്ക് പൊതുസമൂഹത്തില്‍ അവരുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരവും അവകാശവുമുണ്ട്. അതിനോട് നമുക്ക് വിയോജിപ്പുണ്ടെങ്കിലും അങ്ങനെ അഭിപ്രായം പറയുന്നവരെ വളഞ്ഞിട്ട് അക്രമിക്കുന്നതും അസഹിഷ്ണുതയും ഫാസിസവുമാണ്.എന്താണ് കേരള വര്‍മ്മ കോളേജിലെ ആള്‍ക്കൂട്ടവും ഉത്തരേന്ത്യയില്‍ സംഘ്പരിവാറിന്റെ ആള്‍ക്കൂട്ടവും തമ്മിലുള്ള വ്യത്യാസം ?
എതിരാളിയെ കായികമായ് അടിച്ചൊതുക്കലല്ല ഒരു ജനാധിപത്യ സമൂഹത്തില്‍ വേണ്ടത്. അതുകൊണ്ട്, എസ് എഫ് ഐ കേരളത്തിലെ കലാലയങ്ങളില്‍ അഴിച്ചുവിടുന്ന ആള്‍ക്കൂട്ട അക്രമണങ്ങള്‍ അവസാനിപ്പിക്കേണ്ടതാണ്. ജാതിക്കും മതത്തിനും മറ്റ് വിഭാഗീയതകള്‍ക്കും അതീതമായി ഒരുമിച്ചു നിന്നുകൊണ്ട് ഒരു ജനത വളരെ സമാധാനപരമായ മാര്‍ഗത്തില്‍, ഭരണഘടനയെ രക്ഷിക്കാനുള്ള പോരാട്ടം കേരളത്തില്‍ നടത്തുമ്പോള്‍ ഇത്തരം ആള്‍ക്കൂട്ട അക്രമണവും ഗുണ്ടായിസങ്ങളും ഒറ്റപ്പെടുത്തേണ്ടതും അവസാനിപ്പിക്കേണ്ടതുമാണ്.






